" വേറെ ഒരു കാര്യമുണ്ട്.."

സണ്ണി ജവാദിനെ നോക്കിയതും എന്താണെന്ന ഭാവത്തിൽ ജവാദിന്റെ നെറ്റിചുളിഞ്ഞു. കണ്ട്രോൾ റൂമിൽ വെച്ച് കണ്ട കാഴ്ച സണ്ണി എല്ലവരോടുമായി പറഞ്ഞതും എല്ലാവരുടെയും മുഖത്ത് സംശയം നിഴലിട്ടു.

" അയാൾ ഹോസ്പിറ്റൽ സ്റ്റാഫല്ലാന്ന് ഡോക്ടർക്ക് ഉറപ്പാണോ..?"

" യെസ്.. ഇന്നുവരെ ഞാൻ പരിചയപ്പെട്ട സ്റ്റാഫുകളുടെ കൂട്ടത്തിലൊന്നും അയാളുണ്ടായിരുന്നില്ല.. അവിടത്തെ എല്ലാ സ്റ്റാഫിനെയും ഞാൻ പരിചയപ്പെട്ടിട്ടുമുണ്ട്.."

"പിന്നെ.. അയാളാരാ..?"

മഹിയുടെ ചോദ്യം തന്നെയായിരുന്നു എല്ലാവരുടെയും മനസ്സിൽ. പെട്ടെന്നാണ് സണ്ണിയുടെ ഫോൺ ശബ്ദിച്ചത്. നാളെ ഉച്ചയ്ക്ക് നാട്ടിലെത്തും കൂടെ ആഷിയുമുണ്ടെന്ന് പറയാൻ വേണ്ടി റോയിയായിരുന്നു വിളിച്ചത്.   അതിനിടയ്ക്കാണ് അവർക്ക് താമസിക്കാൻ ഒരു സ്ഥലം സെറ്റാക്കിതരണമെന്ന് റോയി സണ്ണിയോട് പറഞ്ഞത്.

" അതെന്താ നിങ്ങക്ക് വീട്ടിൽ നിന്നാപോരെ..?"

" അത് ശരിയാവില്ല.. ഞങ്ങളെന്തിനാ വന്നേന്ന് അമ്മച്ചിയറിഞ്ഞാൽ ആകെ സീനാവും.. ഇച്ചായനറിഞ്ഞൂടെ അമ്മച്ചിക്കൊടുക്കത്തെ പേടിയാ.."

" എന്നിട്ടിപ്പോ നിങ്ങളെവിടെ നിൽക്കാനാ..?"

സണ്ണിയുടെ സംസാരം മറ്റുള്ളവരും ശ്രദ്ധിച്ചുതുടങ്ങിയിരുന്നു. എന്താണെന്ന ഭാവത്തിൽ ജവാദ് സണ്ണിയെ നോക്കി പുരികമുയർത്തിയതും സണ്ണി എല്ലാവരോടുമായി കാര്യം പറഞ്ഞു.

" അയ്നെന്താ.. ഇങ്ങട് പോരാൻ പറ.."

അതുവരെ മിണ്ടാതിരുന്ന ഷാദി ആവേശത്തോടെ പറഞ്ഞതും എല്ലാവരും കൂടെ വായുംപൊളിച്ച് അവനെ നോക്കി. എല്ലാവരുടേയും നോട്ടം കണ്ടതും താനിപ്പോൾ വല്ല തെറിയുമാണോ പറഞ്ഞതെന്നാണ് ഷാദിക്ക് തോന്നിയത്. അടുത്തനിമിഷം ജവാദ് ചിരിച്ചുകൊണ്ട് സണ്ണിയെ നോക്കി.

" അവരോട് ഇങ്ങോട്ട് പോരാൻ പറ ഡോക്ടറെ.."

ജവാദിന്റെ വാക്ക് കേട്ടതും ഷാദി ആശ്വാസത്തോടെ ശ്വാസമയച്ചു. റോയിയോട് പറഞ്ഞ് സണ്ണി ഫോൺ വെച്ചു. പിന്നെയും കുറച്ചുനേരം പലതും സംസാരിച്ചതിനുശേഷം സമീറും സണ്ണിയും പോകാനിറങ്ങി. അവരെ പറഞ്ഞയച്ച് വാതിലുമടച്ച് ഒരോരുത്തരായ് ഉറങ്ങാൻ വേണ്ടി പോയതും ജവാദ് മുകളിലെ ബാൽക്കണിയിലേക്ക് നടന്നു.

കനൽപഥം Where stories live. Discover now