69

127 18 22
                                    


" അർഹിക്കുന്നതേ
ആഗ്രഹിക്കാവൂ
എന്നൊന്നില്ല,
ആഗ്രഹിക്കുക
ചിലത്
പ്രതീക്ഷിക്കുക,
ജീവിതം
ഹാപ്പിയായിരിക്കും..!!"

- ജുറ
____________________________________

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ റീത്തയുടെ സംശയങ്ങൾക്ക് മറുപടി നൽകുകയായിരുന്നു റോബി. മഹി ഐശുവിനോട് പറഞ്ഞതുപോലെ തന്നെ അവനും ജവാദ് വന്നതുമുതലുള്ള കഥ പറയാൻ തുടങ്ങി. നടാഷയിലൂടെ അത് തേജ് പ്രതാപിലും അയാളിലൂടെ ജവാദിനെ ആക്രമിക്കാൻ വന്ന ഗ്യാങ്ങിലും വരെ കഥയെത്തിനിന്നു. റീത്ത അപ്പോഴും ശ്രദ്ധയോടെ അവനെ കേട്ടിരിക്കുകയായിരുന്നു.

" എന്നാലും നിങ്ങക്ക് ഞങ്ങളോടൊന്ന് പറയാമായിരുന്നു.."

ചുണ്ടുകോട്ടികൊണ്ട് റീത്ത ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ മുമ്പിൽ തെളിഞ്ഞുകാണുന്ന റോഡിലേക്ക് നോക്കിപറഞ്ഞതും റോബി ശബ്ദമില്ലാതെ ചിരിച്ചു.

" നിങ്ങക്കൊക്കെ ഒരു സർപ്രൈസായ്ക്കോട്ടേന്ന് കരുതി.."

അവളെ ഇടങ്കണ്ണിട്ട് നോക്കിയതും മറുപടിയായി രൂക്ഷമായൊരു നോട്ടമാണ് അവന് കിട്ടിയത്.

" ചർപ്രൈസല്ല.. ഞങ്ങൾ ഞെട്ടുമ്പോ ഞങ്ങടെ മുഖത്തുള്ള അമ്പരപ്പ് കണ്ട് നിങ്ങക്ക് സന്തോഷിക്കാനാന്ന് പറ.. ചർപ്രൈസ് പോലും.."

" ഹാ.. അങ്ങനേം പറയാം.."

ചിരിയോടെ റോബി മറുപടി പറയുമ്പോൾ റീത്ത കണ്ണുരുട്ടിയിട്ട് പുറത്തേക്ക് നോക്കിയിരുന്നു. ഇരുവർക്കുമിടയിൽ നിമിഷങ്ങളോളം നിശബ്ദത സ്ഥാനംപിടിച്ചു. ഇരുട്ടിനെ വകഞ്ഞുമാറ്റി കാർ മുമ്പോട്ടേക്ക് നീങ്ങികൊണ്ടിരിക്കുമ്പോൾ അതിവേഗം ഇരുവരുടെയും മനസ്സ് മറ്റെങ്ങോട്ടൊക്കെയോ സഞ്ചരിക്കുകയായിരുന്നു. ഒടുവിൽ, റീത്ത തന്നെ ആ നിശബ്ദത ഭേദിക്കാൻ തീരുമാനിച്ചു.

" നിങ്ങടെ കഥ കേൾക്കുമ്പോ ശരിക്കെനിക്കസൂയ തോന്നുന്നുണ്ട് നിങ്ങളോട്.."

റോബിയുടെ ചുണ്ടിൽ അതിശയം നിറഞ്ഞ ഒരു പുഞ്ചിരി സ്ഥാനംപിടിച്ചു.

" എന്തിന്..?!"

റോഡിൽനിന്ന് ഒരു നിമിഷം കണ്ണെടുത്ത് അവൻ റീത്തയെ പാളിനോക്കി.

കനൽപഥം Where stories live. Discover now