62

149 19 58
                                    

" പടിയിറങ്ങാനൊരുങ്ങു -
മ്പോൾ പോകരുതെന്ന്
പറയുന്നവരിലേക്ക് മാത്രമേ
കയറിചെല്ലാവൂ.."

- നവ്യ

__________________________________

മഹിക്കും റോബിക്കുമൊപ്പം കമ്മീഷണറുടെ ഓഫീസിലേക്ക് പോകുമ്പോൾ ജവാദ് താൻ നേരിടാൻ പോകുന്ന ചോദ്യങ്ങളെകുറിച്ചായിരുന്നു ചിന്തിച്ചുകൊണ്ടിരുന്നത്. അതിനെന്ത് മറുപടികളാണ് താൻ കൊടുക്കുകയെന്നും അതിവേഗം അവന്റെ മനസ്സ് ആലോചിച്ചുകൊണ്ടിരുന്നു. കമ്മീഷണറുടെ ഓഫീസിന്റെ ഗേറ്റ് കടന്ന് കാർ ഉള്ളിലേക്ക് കയറി.

മഹിയോടും റോബിയോടും അവിടെതന്നെ ഇരിക്കാൻ പറഞ്ഞ് ജവാദ് കാറിൽ നിന്ന് പുറത്തിറങ്ങി. ഒരുനിമിഷം തങ്ങളെ നോക്കിനിൽക്കുന്ന പോലീസുകാരെയും മറ്റു പല ആവശ്യങ്ങൾക്കുമായി വന്ന സാധാരണക്കാരെയും നോക്കി ജവാദൊന്ന് പുഞ്ചിരിച്ച് പടവുകൾ കയറി അകത്തേക്ക് നടന്നു. എൻട്രൻസിനടുത്തുണ്ടായിരുന്ന പോലീസുകാരനോട് താനെന്തിനാണ് വന്നതെന്ന് പറഞ്ഞതും അയാൾ ജവാദിനെ കമ്മീഷണറുടെ ഓഫീസിലേക്ക് കൂട്ടികൊണ്ടുപോയി.

ജവാദ് പ്രതീക്ഷിച്ചിരുന്നതുപോലെ കമ്മീഷണറും സാമും സമീറും അവിടേയുണ്ടായിരുന്നു. വിലങ്ങണിയിച്ച കൈകളുമായി ഒരുവശത്ത് ഡേവിഡും നിൽക്കുന്നുണ്ട്. ജവാദിനെ കണ്ടതും സമീർ ചെറുതായൊന്ന് പുഞ്ചിരിച്ചെങ്കിലും കമ്മീഷണർക്ക് അഭിമുഖമായി കസേരയിലിരുന്ന സാം തിരിഞ്ഞുനോക്കിയില്ല. ഡേവിഡിന്റെ മുഖത്ത് ഒരേസമയം ദേഷ്യവും പുച്ഛവും നിറഞ്ഞു. ജവാദിനെ അവിടെയാക്കി കൂടെയുണ്ടായിരുന്ന പോലീസുകാരൻ പുറത്തേക്ക് പോയതും അവൻ കമ്മീഷണറുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.

" സാർ.. ഞാനാണ് ജവാദ്.. ജവാദ് അഹമ്മദ്.."

കമ്മീഷണറുടെ കണ്ണുകൾ എന്തോ കണ്ടെത്താൻ ശ്രമിക്കുന്നതുപോലെ അവന്റെ മുഖത്ത് ഓടിനടന്നു. അടുത്തനിമിഷം ഡേവിഡിന്റെ ശബ്ദം ആ മുറിയിലുയർന്നു.

" ഇവനാ സാറേ.. ഇവനാ എന്നെ കിഡ്നാപ്പ് ചെയ്തത്.."

കത്തുന്ന കണ്ണുകളോടെ ജവാദിനെ നോക്കി ഡേവിഡ് കമ്മീഷണറോടായി പറഞ്ഞതും ജവാദ് അമ്പരപ്പഭിനയിച്ച് ഡേവിഡിന്റെ മുഖത്തേക്ക് നോക്കി.

കനൽപഥം Where stories live. Discover now