" ആ അഗ്നിപർവ്വതത്തിൽ പെട്ട് വെന്തുമരിക്കാണ്ടിരിക്കാൻ നമ്മളും നോക്കാ.."

പുഞ്ചിരിച്ചുകൊണ്ട് നിന്ന ഹാഫിയോട് മഹി പറഞ്ഞതും ഹാഫിയുടെ ചിരി കെട്ടു.

" ദേ.. മഹി.. നിന്നോട് ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് സ്പിരിറ്റ് പോക്കരുത് സ്പിരിറ്റ് പോക്കരുതെന്ന്.."

മഹിയെ നോക്കി ഹാഫി കണ്ണുരുട്ടിയതും എവിടെനിന്നോ പടക്കം പൊട്ടുന്ന പോലൊരു ശബ്ദം കേട്ടു.

" ഏതവനാണ്.. വിഷുവിന്റെ മുമ്പ് പടക്കം പൊട്ടിച്ച് കളിക്ക്ണേ..?"

കാർത്തി നെറ്റിചുളിച്ചുകൊണ്ട് പുറത്തേക്കു നോക്കി.

" അത് പൊട്ടുന്നുണ്ടോന്ന് ടെസ്റ്റ് ചെയ്യാവും.. നീയിങ്ങോട്ട് നോക്ക്.. ജവാദിനെ വീഴ്ത്താനെന്തെങ്കിലും ഐഡിയ പറ.."

" ഉം.. എന്റേൽ ഒരഡാറ് ഐഡിയയുണ്ട്.."

ഹാഫിയും മഹിയും റോബിയും ഒന്ന് പരസ്പരം നോക്കിയിട്ട് കാർത്തിക്ക് നേരെ തിരിഞ്ഞു.

" നീ പറ.. ഞങ്ങൾ കേൾക്കട്ടേ.."

" ജിമ്മീടെ അമ്മൂമ്മക്ക് സുഖമില്ലാതായപ്പോ ഒരു ടാബ്ലറ്റ് കൊടുത്തതോർമ്മയുണ്ടോ.. ആ ടാബ്ലറ്റ് കുടിച്ചിട്ട് അമ്മൂമ്മ പഴയതെന്തൊക്കെയോ വിളിച്ചുപറഞ്ഞത്.. അങ്ങനൊരു ടാബ്ലറ്റ് നമ്മൾ ജവാദിന് കൊടുക്കുന്നു.. അവനെകൊണ്ട് ഐശുവിനെകൂറിച്ചെല്ലാം പറയിപ്പിക്കുന്നു.. അത് റെക്കോർഡ് ചെയ്ത് നമ്മളവനെ ബ്ലാക്ക്മെയിൽ ചെയ്ത് അവനെകൊണ്ട് ഐശുവിനെ കെട്ടിക്കുന്നു.. എപ്പടി..?"

കാർത്തി മൂന്നുപേരെയും നോക്കി ചിരിച്ചുകൊണ്ട് പുരികം പൊക്കി.

" ഒരൊലക്ക കിട്ടിയിരുന്നേൽ അടിച്ചുകൊന്നേനെ.. അവന്റെ ഒരൈഡിയ.. അങ്ങ് ചെന്നാമതി ബ്ലാക്ക്മെയിൽ ചെയ്യാൻ.. നമ്മടെ കരണക്കുറ്റി അവനടിച്ചുപൊട്ടിക്കും.."

ഹാഫി കാർത്തിയെ ഒന്ന് കൂർപ്പിച്ചു നോക്കി.

" ഓനെ കൊണ്ട് പെണ്ണുകെട്ടിച്ചിട്ട് നമ്മളെ മണ്ണിലേക്കെടുപ്പിക്കാണ്ട് പ്രാക്ടിക്കലായ വല്ലതും പറ.."

" ഓ.. ഹോ.. എങ്കി നിങ്ങളാരേലും പറ.."

രണ്ടുനിമിഷം നാലുപേരും മിണ്ടാതെ ആലോചിച്ചിരുന്നു. കൈയ്യിലുള്ള ഉള്ളിവടയും തീർത്ത് ചായ കുടിച്ചുകഴിഞ്ഞ് ഒഴിഞ്ഞ ഗ്ലാസ് ഒരു ശബ്ദത്തോടെ മേശപ്പുറത്ത് വെച്ച് മഹി മൂന്നുപേരുടെയും മുഖത്തേക്ക് നോക്കി.

കനൽപഥം Where stories live. Discover now