" ദ സബ്സ്ക്രൈബർ യൂ ആർ ഡയലിംഗ് ഈസ് കറന്റ്ലി സ്വിച്ച്ഡ് ഓഫ്.."

സ്വിച്ചോഫോ..??

അത് കേട്ടതും ജവാദിന്റെ നെറ്റി ചുളിഞ്ഞു. അവൻ മഹിയുടെ ഫോണിലേക്ക് ഡയൽ ചെയ്തു. റിങ്ങ് ചെയ്യുന്ന ഫോൺ ചെവിയിൽ വെച്ച് വെറുതേ ചുറ്റും നോക്കിയതും റോഡിന് എതിർവശത്തുള്ള റസ്റ്റോറന്റിന്റെ അകത്തിരുന്ന് സംസാരിച്ചുകൊണ്ടിരിക്കുന്ന രണ്ടുപേരിൽ അവന്റെ കണ്ണുകളുടക്കി. മുമ്പിലിരിക്കുന്നയാൾ പറയുന്നതെല്ലാം കേട്ട് തല താഴ്ത്തിയിരിക്കുന്നയാൾ ഫാസിലാണെന്ന് തിരിച്ചറിയാൻ അവന് അധികസമയം വേണ്ടിവന്നില്ല. ഫാസിലിനോട് സംസാരിച്ച് കൊണ്ടിരിക്കുന്നയാളെ കണ്ടതും അയാളെ താൻ എവിടേയോ കണ്ടതുപോലെ..

കുറേ റിങ്ങ് ചെയ്തെങ്കിലും മഹി ഫോണെടുക്കാതിരുന്നതും അവൻ കോൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിലേക്കിട്ടു. നടുറോഡിൽ നിന്ന് എന്തായാലും റസ്റ്റോറന്റിൽ ഇരുന്ന് സംസാരിക്കുന്നവരെ നിരീക്ഷിക്കാൻ പറ്റില്ല. ജവാദ് പോലീസ് സ്റ്റേഷന്റെ മതിലിനോട് ചേർന്നുള്ള ബസ്റ്റോപ്പിലേക്ക് നടന്നു. രണ്ടുമൂന്നു പേർ അവിടെയിരിക്കുന്നുണ്ടെങ്കിലും അവരെല്ലാം ഫോണിലാണ്. ഒരു ബസ് വന്ന് മുമ്പിൽ നിർത്തിയതും അവൻ പോക്കറ്റിലുണ്ടായിരുന്ന തൂവാലയെടുത്ത് മുഖത്തുകെട്ടി.

റസ്റ്റോറന്റിനു പുറത്തുള്ള ഗ്ലാസിലൂടെ അവരെ രണ്ടുപേരെയും വ്യക്തമായി കാണാമായിരുന്നു. കുറച്ചുനേരത്തെ സംസാരത്തിനുശേഷം ഫാസിലിനു മുമ്പിലിരുന്നയാൾ എഴുന്നേറ്റ് കയ്യിലുണ്ടായിരുന്ന നീലഫയൽ ഫാസിലിനു നേരെ നീട്ടി. ഒരുതരം മരവിപ്പോടെ ഫാസിൽ ആ ഫയലിലേക്കും അയാളേയും മാറിമാറിനോക്കുന്നതും നിൽക്കുന്നയാളുടെ മുഖത്ത് പുച്ഛംകലർന്ന ഒരു ചിരി തെളിയുന്നതും ജവാദ് കണ്ടു. ആ ഫയൽ ഫാസിലിനു മുമ്പിലേക്കിട്ട് അയാൾ റസ്റ്റോറന്റിൽ നിന്നും പുറത്തേക്ക് നടന്നു. ജവാദ് പെട്ടെന്ന് തന്നെ അയാളിൽനിന്നും കണ്ണെടുത്ത് തന്റെ കയ്യിലുള്ള ഫോണിലേക്ക് നോക്കി.

ഐശുവിന്റെ നമ്പറിൽ നിന്നും ഒരു മെസേജ് വന്നുകിടക്കുന്നത് അപ്പോഴാണ് അവന്റെ ശ്രദ്ധയിൽപ്പെട്ടത്. തുറന്നുനോക്കിയതും അതിൽ ഒരു വരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കനൽപഥം Where stories live. Discover now