പപ്പ പറഞ്ഞത് എത്ര ശരിയായിരുന്നൂ എന്ന് ഇപ്പോഴാണ് ഐശുവിന് മനസ്സിലായത്. ഈ അന്വേഷണത്തിന് ഇറങ്ങിത്തിരിച്ചതിന് ശേഷം ആദ്യമായി അവൾക്ക് ഭയം തോന്നി. നഷ്ടപ്പെട്ട രണ്ടുജീവനുകളെ കുറിച്ച് അന്വേഷിക്കുന്നതിനിടയിൽ ഇനിയൊരു ജീവൻ നഷ്ടപ്പെടാൻ വയ്യ. പെട്ടെന്നാണ് ഒരു മിന്നൽ പോലെ അവളുടെ മനസ്സിലൂടെ ആ ചിന്ത ഓടിയത്. അവൾ തന്റെ അടുത്തിരിക്കുന്ന സാദിക്ക് നേരെ തിരിഞ്ഞു.

" ഇക്കാക്ക.. അജുവിനെ എന്തിനാ ഇങ്ങോട്ടേക്ക് തന്നെ കൊണ്ടുവന്നത്..?? അന്നത്തെ പോലെ ഇതുമൊരു പ്ലാൻ ആണെങ്കിൽ.."

" ഞാനല്ല ഐശൂ.. അവിടെയുണ്ടായിരുന്ന എല്ലാവരും കൂടിയാ ഇങ്ങോട്ടേക്കു കൊണ്ടുവരാന്ന് പറഞ്ഞത്.. യ്യി പറഞ്ഞപോലെങ്ങാനും ആണെങ്കിൽ.."

വാക്കുകളില്ലാതെ അവർ മുഖാമുഖം നോക്കി. ആരോ നടന്നുവരുന്ന ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയതും പേടിച്ചരണ്ട മുഖവുമായി വരുന്ന പപ്പയേയും ആന്റിയെയുമാണ് കണ്ടത്. ഐശു ഓടിച്ചെന്നു ആന്റിയെ കെട്ടിപ്പിടിച്ചു. എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അവൾക്കും ഒരു നിശ്ചയവുമില്ലായിരുന്നു.

" ആന്റി.. അനുവും ആൽഫിയും..?? "

" അവരെ ഞങ്ങൾ നിന്റെ വീട്ടിലാക്കിയതാ ഐശൂ..."

മറുപടി പറഞ്ഞത് പപ്പയായിരുന്നു.

" സാദിഖേ.. നമ്മക്ക് അജൂനെ വേറെ എങ്ങോട്ടെങ്കിലും കൊണ്ടുപോവാ.. ഇന്റെ കുട്ടിക്കെന്തെങ്കിലും പറ്റിയാൽ.."

പപ്പയുടെ പറഞ്ഞത് കേട്ടപ്പോഴാണ് തങ്ങളെല്ലാവരുടെയും മനസ്സിലൂടെ ഓടുന്നത് ഒരേ ചിന്തയാണെന്ന് ഐശുവിന് മനസ്സിലായത്. അവൾ പ്രതീക്ഷയോടെ സാദിയുടെ മുഖത്തേക്ക് നോക്കി. സാദി എല്ലാവരെയും ഒന്ന് നോക്കിയിട്ട് ഫോണെടുത്തു പുറത്തേക്ക് പോയി.

കുറച്ചുനേരം പപ്പയും ആന്റിയും ഐശുവും ഒന്നും മിണ്ടാതെ ആ വരാന്തയിലിരുന്നു. ഒരേ ചിന്തകളായിരുന്നു അവരുടെ മനസ്സിൽ ഓടികൊണ്ടിരുന്നതെന്ന് അവർക്ക് തന്നെ  അറിയാമായിരുന്നു. ആന്റിക്ക് എന്തൊക്കെയോ ക്ഷീണം തോന്നിയതും ആന്റിയെയും കൊണ്ട് അങ്കിളും മറ്റെങ്ങോട്ടേക്കോ പോയി. വരാന്തയിലെ കസേരകളിലൊന്നിൽ ഒറ്റക്കിരിക്കുമ്പോൾ ഐശുവിന്റെ മനസ്സു മുഴുവൻ അജുവിനൊന്നും വരുത്തരുതേയെന്ന പ്രാർത്ഥനയായിരുന്നു. റിനുവിനോടും വല്ലിപ്പാനോടും ഇക്കാക്ക സംസാരിച്ചിട്ടുണ്ടാവും. തനിക്കതിനു കഴിയില്ലെന്ന് അവൾക്ക് നന്നായിട്ടറിയാമായിരുന്നു.

കനൽപഥം Where stories live. Discover now