റോബി ജവാദിന്റെ തോളിലൂടെ കൈയ്യിട്ട് അവനെ ചേർത്തുപിടിച്ചു.

" ഇത്രേം വീറും വാശിയുമുള്ള നിനക്ക് നിന്റെ ഇഷ്ടം പറയാൻ പേടിയാണെന്ന് കേൾക്കുമ്പോ എനിക്ക് ചിരിവരുന്നെടാ.."

ജവാദ് തലചെരിച്ച് റോബിയെ ദയനീയമായി നോക്കി.

" നല്ല ആളാ പറയുന്നത്.. എന്തൊരു ധൈര്യമാണെന്നറിയോ.. എന്നെകൊണ്ട് നീയൊന്നും പറയിപ്പിക്കരുത് റോബിച്ചാ.."

റോബി അവനെനോക്കി നന്നായി ഇളിച്ചുകാണിച്ചു.

" അതിന് ഞാൻ നിന്റെ ഫ്രണ്ടല്ലേ.. നിന്റെ കൂടെ നടന്ന് എന്റെ ധൈര്യത്തിനും ലേശം കുറവ് വന്നു.. സ്വാഭാവികം.."

" ഓ.. രണ്ടിനേയും എടുത്ത് താഴോട്ടെറിയാനാ എനിക്ക് തോന്നുന്നത്.. പേടിത്തൊണ്ടന്മാര്.."

മഹി രണ്ടുപേരെയും നോക്കി കണ്ണുരുട്ടിയതും റോബി പുച്ഛത്തോടെ ചുണ്ടുകോട്ടി.

" നീ ഒലത്തും.. എറിഞ്ഞാലും താഴെവന്ന് പൊക്കാൻ നീ തന്നെ വേണ്ടിവരും.."

" അതുകൊണ്ട് മാത്രാ ഞാൻ എറിയാണ്ടിരിക്കുന്നത്.."

റോബിക്ക് മറുപടി കൊടുത്ത് മഹി  ജവാദിന് നേരെ തിരിഞ്ഞു.

" ഡാ.. നിനക്ക് ധൈര്യത്തിന്റെ കാര്യത്തിൽ ഒരു ക്ലാസെടുത്തു തരേണ്ടിവരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല.. ഓരോ സമയത്ത് നിന്റെ ധൈര്യം കാണുമ്പോ എനിക്ക് നിന്നെകുറിച്ചോർത്ത് അഭിമാനം തോന്നീട്ടുണ്ട്.. ആ നിനക്ക് ഒരു പെണ്ണിനോട് ഇഷ്ടം പറയാൻ പേടിയാണെന്ന് പറഞ്ഞാ.. നീയിത്രയ്ക്ക് ഭീരുവായിരുന്നോ..?!"

ജവാദിനെ കളിയാക്കാനെന്നവണ്ണം മഹി അവിശ്വസനീയത നടിച്ച് നോക്കുന്നത് കണ്ട് റോബി ചിരിച്ചുപോയി. ജവാദ് പക്ഷേ, അവനെ നേരിടാനാകാതെ ചമ്മലോടെ മറ്റെവിടേക്കോ നോക്കിനിന്നു.

" മൽഹോത്ര സാറും ശർമ്മാജിയുമൊന്നും കേൾക്കണ്ട.. ബോധം കെടും.."

കനൽപഥം Where stories live. Discover now