ഇനി ബസ്സ് കയറണം, ഞാൻ ബസ്സ്സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു.
ഉപ്പ വിളിക്കാൻ വരാം എന്ന് പറഞ്ഞതാണ്, പക്ഷെ ഞാൻ സമ്മതിച്ചില്ല.

ഞാൻ എന്താ ചെറിയ കുട്ടി ആണോ?? ഉപ്പ എന്നെ വിളിക്കാൻ വരാൻ. ഒറ്റക്ക് വീട്ടിലേക്ക് പോകാനൊക്കെ എനിക്കറിയാം അല്ലെങ്കിലും എറണാകുളത്ത് നിന്നും ഒറ്റക്കല്ലേ വരുന്നത്.

പക്ഷെ ഇപ്പൊ തോന്നുന്നു ഉപ്പ വരുന്നതായിരുന്നു നല്ലതെന്ന്, അത്രയ്ക്കും ക്ഷീണിച്ചു, എന്തെങ്കിലും പണി എടുക്കുന്നതിനെക്കാൾ ക്ഷീണമാണ് വെറുതെ ട്രെയിനിൽ ഇരിക്കാൻ....
എന്ത് ചെയ്യാൻ ഇനി വിളിച്ച് വരാൻ പറഞ്ഞാൽ ഞാൻ നാണം കെടില്ലേ....

ബസ്സ്സ്റ്റോപ്പിലാണെങ്കിൽ നല്ല തിരക്കുണ്ട്. ഞാൻ സൈഡിൽ ആരെയും ശ്രദ്ധിക്കാതെ നിന്നു. ബാഗിന്റെ ഭാരം കാരണം കൈ പൊട്ടുന്ന പോലെ തോന്നുന്നു.

"ഡാ.... കുട്ടൂസെ...."

ആ വിളി കേട്ടതും ഞാൻ അനങ്ങാതെ നിന്നു. വിളിച്ചത് ആരാണെന്ന് നോക്കാതെ എന്നെയാണ് വിളിച്ചത് എന്ന് ആർക്കെങ്കിലും മനസ്സിലായോ എന്ന മട്ടിൽ ഞാൻ ബസ്സ്സ്റ്റോപ്പിനകത്തേക്ക് നോക്കി,

എല്ലാവരും എന്നെ നോക്കി ചിരിക്കുന്നു.

"സന്തോഷം, എല്ലാർക്കും മനസ്സിലായി,"

ഞാൻ സ്വയം പറഞ്ഞു കൊണ്ട് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. എന്തായാലും ചമ്മാനുള്ളത് ചമ്മി, ഇനി നോക്കാതിരുന്നിട്ടെന്ത് കാര്യം.

എനിക്കു സൈഡിൽ ആയി ബൈക്കിൽ ഇരുന്നു ചിരിക്കുന്ന ആ രൂപത്തെ കണ്ടപ്പോൾ "നിനക്കുള്ളത് ഞാൻ വെച്ചിട്ടുണ്ടെടാ" എന്നർത്ഥത്തിൽ ഞാൻ ചിരിച്ചു.

"ഡാ, മാക്രീ....
നീ ആയിരുന്നോ???
നിന്റെ കോഴിത്തരം ഒന്നും വിട്ടിട്ടില്ലലെ പണ്ടത്തെ പോലെ തന്നെ,
സ്കൂൾ ഒക്കെ പൂട്ടിയത് കൊണ്ടാണോ ഇപ്പൊ റെയിൽവേ സ്റ്റേഷന്റെ അടുത്തേക്ക് മാറ്റിയത്???"

അവന്റെ ഇളിഞ്ഞ മുഖവും എനിക്കു പിന്നിൽ നിന്നും ചിരിയുടെയും കമന്റുകളുടെയും ശബ്ദവും എന്തോ മനസ്സിന് ഒരു സംതൃപ്‌തി നൽകി.

"നിക്കാഹ്" Where stories live. Discover now