പാപികൾ ചെല്ലുന്നിടം പാതാളം

69 5 80
                                    


  പന്നിയൂർകുട്ടി പാലം ചെല്ലുമ്പോൾ വഴി രണ്ടാവും. ഇടത്തോട്ട് ഇറക്കം ആണ്. അത് പൊന്മുടി ഡാമിന്റെ താഴെ കൂടി പോകുന്ന വഴിയാണ്. വലതു വശത്തു കയറ്റം ആണ്. പൊന്മുടി ഡാം കൂടിയാണ് പോകുന്നത്. അവിടെ പുതുമയുള്ള കാഴ്ചകൾ ഒന്നും കിട്ടില്ല. മാത്രമല്ല ഇപ്പോൾ നല്ലപോലെ ഇരുട്ട് വീണുതുടങ്ങി. വെള്ളത്തൂവൽ കഴിഞ്ഞു വരുന്ന കയറ്റം തന്നെ ഒരു അര കിലോമീറ്റർ ഉണ്ടായിരുന്നു. നടന്നു തന്നെയാണ് വെള്ളത്തൂവൽ കഴിഞ്ഞു പിന്നേ പോയത് മൊത്തം. പൊന്മുടി ഡാം കൂടിയുള്ള വഴി വീടുകൾ തീരെ ഇല്ല. അവിടെ ആന ഇറങ്ങാറുണ്ട്. ആ വഴി രണ്ടായി പിരിയും ഡാം എത്തുന്നതിനു മുൻപ്, താഴേക്കു പോയാൽ തൂക്കുപാലം കൂടി ഡാം skip ചെയ്തു പോവാം. രണ്ടാമത്തെ വഴിയിൽ ആണ് ആന. ഒരിക്കൽ ബൈക്കിനു പൊന്മുടി ഡാം വഴി വന്നപ്പോൾ ഒരു ഇന്റർവെൽ എടുക്കാൻ വണ്ടി നിർത്തി കുറച്ചു മുന്നോട്ടു നീങ്ങിപ്പോയി. തിരിച്ചു നോക്കിയപ്പോൾ വണ്ടി കാണാനില്ല. കറുത്ത കളർ stunner ആണ്. ഒരു 10 -15 സെക്കൻഡ് നേരത്തേക്ക് കിളി പോയി. അതിൽ പിന്നേ ആ വഴി late ആയാൽ പോക്കില്ല. ഞങ്ങൾ തൂക്കുപാലം കേറാനോ ഡാം കേറാനോ പോവാതെ ഇടത്തുള്ള ഇറക്കം പിടിച്ചു. സുഖമാണല്ലോ ഇറക്കം. ശെരിക്കും ഈ 3 വഴിയും കുറച്ചു കഴിയുമ്പോൾ ഒന്നിച്ചു ആണ് പോകുന്നത്. ഞങ്ങൾ ഇപ്പോൾ ഉയരത്തിൽ ഉള്ള ഡാമിന്റെ ചുവടിനും താഴെ പോകുവാന്. അത് കഴിഞ്ഞു ഒരു മൂന്നു മല കേറാൻ ഉള്ള കയറ്റം കയറിയാലേ രാജാക്കാട് റോഡ് എത്തുക. ഇരുട്ടും പിന്നെ മുന്നിൽ കണ്ട ആ ചെറിയ ഇറക്കവുമാണ് ചതിച്ചതു.
 
          ഇറക്കം കഴിഞ്ഞു കുറച്ചു ചെന്നപ്പോൾ കണ്ടു തുടങ്ങി കയറ്റങ്ങൾ. അപ്പോളാണ് അടുത്ത വില്ലൻ... മഴ. പകൽ മുഴുവൻ വെയിൽ കൊണ്ട് കരിഞ്ഞു... ഇപ്പോൾ മഴ... കുറച്ചു നനഞ്ഞപ്പോൾ പിന്നേ മഴ ആസ്വദിച്ചു തുടങ്ങി. റോഡിന്റെ മുകളിൽ നിന്നു മഴപെയ്തു വെള്ളം ഒഴുകി വരുന്നുണ്ട്. എത്ര നടന്നിട്ടും കയറ്റം അവസാനിക്കുന്നില്ല. കാറ്റടിച്ചു കയ്യും കാലും മരവിച്ചു ബാഗ് മുഴുവൻ വെള്ളം നിറഞ്ഞു. ഞങ്ങൾ അടിമുടി നനഞ്ഞിട്ടാണ് നടപ്പ്. മഴ ശക്തി കൂട്ടി വരുകയാണ്. മുകളിൽ നിന്നു വരുന്ന വെളിച്ചം കണ്ടാണ് പോക്ക്. അതൊരു വഴിവിളക്കാണെന്നും അവിടെ എത്തുമ്പോൾ കയറ്റം അവസാനിക്കും എന്നും ആയിരുന്നു ഞങ്ങൾ വിചാരിച്ചതു. പക്ഷെ അത് ചന്ദ്രനിൽ നിന്നു നാസ ഏതോ പുതിയ മാർഗത്തിൽ കൊണ്ടുവന്ന പ്രകാശം ആയിരുന്നു. നടന്നു മടുത്തു. ഇനി വയ്യ എന്ന് പറഞ്ഞു ഞാൻ റോഡിൽ കിടന്നു. റോഡിലൂടെ താഴേക്കു ഒഴുകുന്ന വെള്ളത്തിനു വഴി മുടക്കി അവിടെ കിടന്ന എന്നോട് ചേട്ടൻ അച്ഛനെ വിളിച്ചു പറഞ്ഞിട്ട് തിരിച്ചു പോയാലോ എന്ന് ചോദിച്ചു. എവിടെനിന്നോ കയറി വന്ന ഊർജത്തിൽ ഞാൻ ചാടി എഴുന്നേറ്റു. ഉച്ചക്ക് മസ്സിൽ പിടിച്ചു ഇരുന്നപ്പോൾ ബസ് പിടിച്ചു വീട്ടിൽ പോവാം എന്ന് പറഞ്ഞ ചേട്ടനോട് നിങ്ങൾ വന്നില്ലെങ്കിൽ ഒറ്റയ്ക്ക് പോകും എന്ന് ഡയലോഗ് പറഞ്ഞത് അപ്പോൾ ഓർമ വന്നു.
         
             മഴ ഇപ്പോൾ ഒരു മിനിറ്റിൽ ഒരു ബക്കറ്റ് വെള്ളം വച്ചാണ് തരുന്നത്. ദാഹിച്ചപ്പോൾ വാ പൊളിച്ചു മുകളിലേക്ക് നോക്കി നിന്നു. മഴവെള്ളത്തിനും നല്ല രുചിയാണ്. അങ്ങനെ ആദ്യം പറഞ്ഞ വഴികൾ കൂടി ചേരുന്ന ജംഗ്ഷൻ പോയിന്റ് എത്തി. ചുറ്റും കാടാണ്. അവിടെ നിന്ന് പോകാനുള്ള വഴിയും കയറ്റം തന്നെ... എനിക്ക് എന്തൊക്കെയോ പറയാനും ചെയ്യാനും തോന്നുന്നുണ്ട്. പെട്ടില്ലേ.. ചേട്ടനും ആ കാഴ്ച കണ്ടു കിളി പോയിരുന്നു. രണ്ടുപേരും സൈക്കിൾ വച്ചു റോഡിൽ ഇരുന്നു മുകളിലേക്ക് നോക്കി മഴ വെള്ളം പിന്നെയും കുറച്ചു കുടിച്ചു. പിന്നെ എണീറ്റു നടപ്പ് തുടങ്ങി. ഇടക്കൊക്കെ ചെറിയ ഇറക്കവും പരപ്പും കണ്ടെങ്കിലും കയറ്റങ്ങൾ ഭീകരം തന്നെ ആയിരുന്നു. ഒടുവിൽ 8 മണി കഴിഞ്ഞു ഞങ്ങൾ രാജാക്കാട് ടൗണിൽ എത്തി. അവിടെ നിന്നു ഒരു 2 കിലോമീറ്റർ കൂടെ ഉണ്ട്. 8.30 ആയപ്പോൾ എത്തി. 4.30ക്കു വെള്ളത്തൂവൽ വിട്ടിട്ടു 8.30നു ആണ് വന്നത്. 4 മണിക്കൂർ... സഞ്ചരിക്കാൻ ഉണ്ടായിരുന്നത് വെറും  13 കിലോമീറ്റർ ആയിരുന്നു... കയറ്റം എങ്ങനെ ഉണ്ടെന്ന് പറയാൻ വേറെ മാർഗം കിട്ടുന്നില്ല.
            
                 ചാച്ചൻ അവിടെ ഇല്ലായിരുന്നു. ഞങ്ങളുടെ വീട്ടിൽ നിന്നു ഈ വരവിനെ പറ്റി ഇൻഫർമേഷൻ പോയിരുന്നു. അതുകൊണ്ട് കപ്പ പുഴുക്കും മീൻകറിയും കൂട്ടി ഫുഡ് കഴിക്കാൻ പറ്റി. കുറേ കഴിച്ചു... ചാച്ചൻ എന്തോ പണിക്കു വേണ്ടി തമിഴ്നാട് പോയിരിക്കുകയാണ്. ഞങ്ങൾ കഴിച്ചു കഴിഞ്ഞപ്പോളേക്കും കുഞ്ഞുമ്മ ഞങ്ങൾ പെറുക്കി കൊണ്ടുവന്ന കശുവണ്ടി വറുത്തു വച്ചിരുന്നു. പക്ഷെ അത് കഴിക്കാൻ അപ്പോൾ വയറ്റിൽ സ്ഥലം ഉണ്ടായിരുന്നില്ല. ഹാളിൽ വന്നു തലകുമ്പിട്ടു ഇരിക്കുന്ന ഞങ്ങൾക്ക് കിടക്കാനുള്ള സ്ഥലം റെഡി ആക്കി കുഞ്ഞുമ്മയും പക്രുവും കിടന്നു. കുറച്ചു നേരം കഴിഞ്ഞു ഞങ്ങൾ തലപൊക്കി പരസ്പരം നോക്കി. ഒരു അട്ടഹാസച്ചിരി... ഇവിടെ എത്തിയല്ലോ... എത്തിച്ചല്ലോ... കിടന്നതറിയാതെ ഉറങ്ങി...പിറ്റേന്ന് വൈകി ആണ് എണീറ്റത്.
                
               കണ്ണും തിരുമ്മി പുറത്തേക്കിറങ്ങിയപ്പോൾ ആണ് മുറ്റത്തു മലയിൽ താമസിക്കുന്ന ചാച്ചന്റെ കൂട്ടുകാരും കുടുംബക്കാരും വന്നിട്ടുണ്ട്. മലയിറങ്ങി രാവിലെ തന്നെ അവർ വന്നത് പണിക്ക് പോകുന്നതിനു മുൻപ് സൈക്കിൾ ചവിട്ടി ഇവിടെ വന്ന ഞങ്ങളെയും സൈക്കിളിനെയും കാണാൻ ആണ്.അവർ ഞങ്ങളെ അഭിനന്ദിക്കാൻ വന്നതല്ല... ഇനി ഇങ്ങനെ ഒന്നും ചെയ്യരുത്... ചെയ്തത് ചെയ്തു... എന്നൊക്കെ  ഉപദേശം തരാൻ ആയിരുന്നു. അടിപൊളി... വാ പോവാം... ഞാൻ നേരെ പോയി പിന്നെയും കിടന്നു.സത്യത്തിൽ ഈ പരിപാടി ഒരു സംഭവം ആയി കണ്ടത് ഞങ്ങൾ മാത്രമായിരുന്നു എന്നത് വൈകി കിട്ടിയ അറിവായിരുന്നു.  പക്ഷെ ചേട്ടൻ ഉറങ്ങാൻ വിട്ടില്ല. മുകളിലെ മലയിൽ കേറാൻ പോവണം. ചാച്ചന്റെ തറവാട് അവിടെയാണ്. അവരെയൊക്കെ കാണണം. പിന്നേ പോയാൽ ഒരിക്കലും മുടക്കാതെ പോകാറുള്ള ആ മലയുടെ മണ്ടയിൽ പോയി ഇരിക്കണം. ഉറക്കം പോവാത്ത ഞാൻ സമ്മതിച്ചില്ല. അവിടെ വല്യ കാര്യമായി കാണാൻ ഇല്ലല്ലോ. വൈകുന്നേരം പോയി ഇരിക്കാം എന്ന് പറഞ്ഞു. ആഹാ... നിനക്ക് വെറൈറ്റി ഞാൻ കാണിച്ചു തരും എന്ന് പറഞ്ഞു എടുത്ത് താഴേക്കിട്ടു. പിന്നെ പോയി പല്ല് തേച്ചു ചായ ഒക്കെ കുടിച്ചു. കുറച്ചു നേരം പക്രുന്റെ കൂടെ കളിച്ചും ചിരിച്ചും പോയി. ഒരു 10.30 ആയപ്പോൾ ഇന്നലെ വറുത്തു വച്ച കശുവണ്ടി കുറച്ചു വാരി പൊതിഞ്ഞെടുത്തു. തറവാട്ടിൽ പോവേണ്ട എന്ന് പറഞ്ഞു ഞാൻ മുന്നേ പോയി. രാവിലെ വന്നവരുടെ കൂട്ടത്തിൽ ചാച്ചന്റെ അച്ഛനും അമ്മയും അനിയനും ഉണ്ടായിരുന്നു. അപ്പോൾ പിന്നേ പോയില്ലേലും സാരമില്ല. ഉപദേശം കേൾക്കാൻ വയ്യ... അയിനാണ്...
  തുടരും...

സൈക്കിൾ സവാരി ഗിരിഗിരി Where stories live. Discover now