സൈക്കിൾ സവാരി 🚲

72 6 49
                                    


പ്ലസ് ടു കഴിഞ്ഞ് ഇരിക്കുമ്പോൾ വെക്കേഷന് പോയ ഒരു യാത്രയെ കുറിച്ചാണ് ഇപ്പോൾ പറയാൻ പോകുന്നത്. (ഫോട്ടോസ് ഒന്നും ഇല്ലാട്ടോ കാണിക്കാൻ... നീണ്ട എഴുത്താണ്. മാക്സിമം വെറുപ്പിക്കാതെ എഴുതാൻ ശ്രമിക്കുന്നുണ്ട്...  😅)

                  ഒരു വാച്ച് മെക്കാനിക്ക് ആയ  അച്ഛനെ കണ്ടാണ് ഞാൻ വളർന്നത്. അതുകൊണ്ടുതന്നെ എനിക്കും ഒരു മെക്കാനിക്ക് ആവണം എന്നത് വലിയൊരു ആഗ്രഹമായിരുന്നു.  അച്ഛന്റെ ചേട്ടന് അതായത് എന്റെ വല്യച്ഛന് സ്വന്തമായിട്ട് ഒരു സൈക്കിൾ വർക്ക്ഷോപ്പ് ഉണ്ടായിരുന്നു. എട്ടാംക്ലാസ് മുതൽ ഞാൻ അവിടെ പോയി സൈക്കിൾ നന്നാക്കാൻ ഒക്കെ പഠിച്ചു തുടങ്ങി. അന്ന് വലിയ ആളുകൾ ഉപയോഗിക്കുന്ന ഹെർക്കുലീസ് സൈക്കിൾ ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ അടുത്തു തന്നെയുള്ള പാണിയേലി പോര്, കോടനാട് എന്നീ സ്ഥലങ്ങളിൽ ഒക്കെ സൈക്കിളിൽ പോയിട്ടുണ്ട് അന്ന്. ഈ യാത്രയിൽ എന്റെ കൂടെ വന്നത് അമ്മയുടെ ചേച്ചിയുടെ മകൻ ആയ എന്റെ കസിൻ ചേട്ടൻ ആണ്. ഞങ്ങൾ ഒന്നിച്ചു ഒരുപാട് യാത്ര പോയിട്ടുണ്ട്... അതിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സവാരിയാണ് ഇവിടെ പറയുന്നത്.

എസ് എൻ ജി സി കടയിരിപ്പ് കോളേജിൽ നിന്ന് B.tech കഴിഞ്ഞു  ജോലി ചെയ്തു നടക്കുകയാണ് കക്ഷി അന്ന്. ചേട്ടായിയുടെ പേര് ഉണ്ണി എന്നാണ്. ചേട്ടൻ പണ്ട് പഠിച്ചുകൊണ്ടിരുന്നപ്പോൾ ഉപയോഗിച്ച് AXN DX  എന്ന സൈക്കിൾ ഞാൻ ആ കാലത്ത് പണിതെടുത്തു. മൊത്തം കറുത്ത കളർ പെയിന്റ് അടിച്ച് അത് വളരെ വൃത്തിയാക്കി എടുത്തു. അച്ഛന്റെ ഹെർക്കുലീസ് സൈക്കിളും ഈ സൈക്കിളും കൂടിയാണ് ഞങ്ങൾ യാത്ര പോയത്. ഉണ്ണി ചേട്ടനും ഞാനും ശരിക്കും നല്ല കൂട്ടുകാരായിരുന്നു. എന്തു കാര്യങ്ങൾക്കും ഒരുമിച്ചുണ്ടായിരുന്നു.
                 
                   ഞങ്ങൾ ഈ യാത്ര പോകുന്നത് ഇളയ കുഞ്ഞമ്മയുടെ വീട്ടിൽ ആണ്. ഇടുക്കിയിലുള്ള രാജാക്കാട് ആണ് സ്ഥലം. വീട്ടിൽനിന്ന് ഒരു 100 കിലോമീറ്റർ  വേണം അവിടെ എത്താൻ. ഞങ്ങളുടെ ഒട്ടുമിക്ക വെക്കേഷനും അവിടെയായിരുന്നു. മിക്കപ്പോഴും ഞങ്ങൾ ബസ്സിലായിരുന്നു അങ്ങോട്ട് പോയി കൊണ്ടിരുന്നത്. B. Tech പാതിയായപ്പോൾ പുള്ളി ഒരു ബൈക്ക് വാങ്ങി... honda stunner. രാജാക്കാട് പോവാൻ നേര്യമംഗലത്തു നിന്ന് വഴി രണ്ടായി പിരിയും. ഒന്ന് കട്ടപ്പന പോവാനുള്ള ഇടുക്കി റൂട്ട്, രണ്ട് അടിമാലി കൂടി പോകുന്ന വഴി. അടിമാലി റോഡ് തിരക്കുള്ള ഹൈവേ ആണ്. ഇടുക്കി റൂട്ട് വഴിയും മോശം, രാത്രിയിൽ 9 കഴിഞ്ഞാൽ ആ വഴി അധികം വണ്ടികൾ പോകാറുമില്ല. തീരെ ആള്താമസം ഇല്ലാത്ത ഏരിയ ആണ് ആ വഴിയിൽ കൂടുതലും. ഞങ്ങൾ ഇടുക്കി റൂട്ടിലും അടിമാലി റൂട്ടിലും  രാത്രിയിൽ 10 കഴിഞ്ഞ് വീട്ടിൽ നിന്നു ഒരുപാട് തവണ രാജാക്കാട് പോയിട്ടുണ്ട്. ചാച്ചൻ കട്ട കമ്പനി ആണ്. തണുത്തു മരവിച്ചു അവിടെ എത്തുമ്പോൾ പുതയ്ക്കാൻ കരിമ്പടവും പായയും റെഡി ആക്കി വച്ചിട്ടുണ്ടാകും. പുറത്ത് ഇറയത്തു ആണ് കിടക്കുക. രാവിലെ ആകുമ്പോൾ എണീറ്റ് അകത്തു പോയി കിടക്കും. അവിടെ എത്തുന്നത് 2മണി ആകുമ്പോൾ ഒക്കെയാണ്. കുഞ്ഞമ്മ രാവിലെ ആണ് ഞങ്ങളെ കാണുക. വരുന്ന സമയത്തു പക്രുവിനെയും കുഞ്ഞമ്മയെയും വിളിക്കാറില്ല. മിക്കവാറും ഒരു ശനിയാഴ്ച രാത്രിയാണ് ഈ യാത്ര പോകാറ്. ഞായർ വൈകിട്ട് വീട് എത്തുകയും ചെയ്യും.ആ പകൽ മുഴുവൻ അടുത്തുള്ള മല കയറാനോ ചാച്ചന്റെ ഏല കൃഷി കാണാനോ വേണ്ടി കളയും.
                  
                       അങ്ങനെ ബസ്സ് കയറിയും,   ബൈക്കിൽ പോകാനും  സൗകര്യമുണ്ടായിട്ടും സൈക്കിളിൽ ഒരു യാത്ര തെരഞ്ഞെടുത്ത കാര്യം മനസ്സിലാകുമല്ലോ. ഒരു ചെറിയ സാഹസികത...കേൾക്കുമ്പോൾ ഞങ്ങൾക്ക് ചെയ്യാവുന്ന ഒരു സംഗതിയാണ് എന്ന് തോന്നിയത് കൊണ്ടും ഉണ്ണിച്ചേട്ടൻ വിളിച്ചത് കൊണ്ടുമാണ് ഇതിനിറങ്ങുന്നതു. പോകുന്ന കാര്യം വീട്ടിൽ പറഞ്ഞപ്പോൾ എതിർപ്പുകൾ മാത്രമായിരുന്നു അമ്മയ്ക്ക്. എന്നാൽ സൈക്കിൾ ചവിട്ടി മടുക്കുമ്പോൾ അത് എവിടെയെങ്കിലും പൂട്ടി വച്ചിട്ട് ബസ്സിനു പോയി തിരിച്ചു വരികയുള്ളൂ എന്ന് അച്ഛൻ പറഞ്ഞു. ആ ഒരു വാശിക്ക് ആണ് ഞാൻ അവിടെ വരെ എത്തിയത് എന്ന് പറയാം.

സൈക്കിൾ സവാരി ഗിരിഗിരി Where stories live. Discover now