കാരണം, ഒരു ഭാവമാറ്റവും ഇല്ലാതെ നീ എൻ്റെ മുഖത്ത് നോക്കി ഇതെല്ലാം പറഞ്ഞിട്ട് പോയിട്ടും, നിന്നോട് ഒരു തരി ദേഷ്യമോ വെറുപ്പോ തോന്നാൻ എനിക്ക് കഴിയുന്നില്ല. എല്ലാം എന്നോട് തന്നെയാ. പഴയതിനേക്കാൾ കൂടുതൽ ഇന്ന് ഞാൻ എന്നെ വെറുക്കുന്നു. ഞാൻ ഒന്നുമല്ലെന്ന് പറയുന്നു. ഒന്നിനും അർഹതയില്ലാത്തവൾ. സ്നേഹിക്കാനോ സ്നേഹിക്കപ്പെടാനോ... ഒന്നും.

നിൻ്റെ പേരിൽ ഞാനൊഴുക്കിയ കണ്ണീർ കണ്ടവരെല്ലാം പറഞ്ഞു. നീ തിരിച്ചു വരും.

അതിലും വലിയ ഒരു മണ്ടത്തരം ഇത് വരെ കേട്ടിട്ടില്ല എന്ന് തോന്നിക്കും വിധം ഞാൻ അപ്പോൾ ചിരിക്കും.
എനിക്ക് നിന്നെ അറിയാം.
കുറച്ചെങ്കിലും.

നീ വരില്ല.
തിരിച്ച് വരണം എന്ന് ഏതെങ്കിലും ഒരു ദുഷിച്ച നിമിഷത്തിൽ തോന്നിയാൽ പോലും, നിൻ്റെ മനസാക്ഷി അതിന് സമ്മതിക്കില്ല.
എൻ്റെ ഉള്ളിൽ നിന്ന് തന്നെ നീ ഇല്ലാതാക്കാൻ ശ്രമിച്ച ആ പെണ്ണ്, അവളും സമ്മതിക്കില്ല.

അപ്പോഴും തിരികെ വന്നാൽ രണ്ട് കയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറായി ഞാനും വെറുതെ ഇവിടെ നിൽപ്പുണ്ട്.

അത് സംഭവിക്കരുതേ എന്ന പ്രാർത്ഥന ഞാൻ എന്നും ഉരുവിടുമ്പോഴും, മനസിൻ്റെ താളുകളിൽ ഞാൻ സ്നേഹിക്കുന്നവരോടൊപ്പം എന്നോ കുറിച്ചിട്ട നിൻ്റെ പേര്, മായ്ക്കാൻ ഞാൻ 'പാടുപെടുന്ന' ആ പേര്... ഒരിക്കലും മുഴുവനായി മായല്ലെ എന്ന് ഒരു തേങ്ങലും എന്നിൽ അലയടിക്കുന്നു.
നീ തിരികെ വരല്ലേ എന്ന പ്രാർഥനയോടെ.

വന്നാൽ വീണ്ടും ഞാൻ അവളാകും. എന്നിലെ ആ പെണ്ണിനെ നീ വീണ്ടും തുടൽ അഴിച്ചു വിടും.

അത് വേണ്ട.
പിരിഞ്ഞവർ ഒത്തുചേർന്നാലും കൂട്ടി യോജിപ്പിക്കാൻ കഴിയാതെ ആ വിള്ളലുകൾ നമ്മുടെ ഇടയിൽ കിടക്കും. എന്നെന്നേക്കുമായി. അങ്ങനെ ഒരു കൈ അകലത്തിൽ നിന്ന് നീ എന്നെ സ്നേഹിക്കുന്നതും എനിക്കിഷ്ടം ഒരിക്കലും സ്നേഹിക്കാതിരിക്കുന്നതാണ്.

അത് അങ്ങനെ തന്നെ പോട്ടെ.

ചിലർ കടൽക്കരയിൽ ചെന്ന്, മണലിൽ എന്തൊക്കെയോ എഴുതുന്ന പോലെ. ആ വിരൽ സ്പർശം സ്നേഹത്തോടെ ആണെന്ന വിചാരത്തിൽ മണ്ണ് ഏറ്റു വാങ്ങും. കടൽ അവൾക്ക് പിരിയാനാവാത്ത കൂട്ടുകാരിയാണ്, അവളുടെ ആത്മാവ്, അന്തസത്ത. അവളെ അവളാക്കുന്നത് കടലാണ്.

ആ കടലിനോട് നിന്നെ പറ്റിയും, നിൻ്റെ വിരലിനെ പറ്റിയും, നിൻ്റെ സ്നേഹത്തെ പറ്റിയും അവൾ ആവേശത്തോടെ പറയും. മണ്ണിനെ തൻ്റെ സന്തോഷമറിയിക്കാൻ എന്നോണം, കടൽ അവളെ തഴുകും.

നീ തൊടുമ്പോൾ, അവളിലെ മണൽതരികൾ വഴി നീങ്ങി തരും, നിൻ്റെ വിരലുകൾക്ക് ശിഥിലമായ അവളിലെ സ്നേഹത്തിലും, സ്വത്തത്തിലും, അതിൻ്റെ സങ്കീർണതകളിലും നിന്ന്, ഒരു സ്നേഹചിത്രം മെനയുവാൻ.

നീ എഴുതും.

"കടലമ്മ കള്ളി"

ഒരു നിമിഷം പകച്ചു നിൽക്കും അവൾ. മിഴികൾ വാർന്നു തുടങ്ങും മുൻപേ, അവളെ ആശ്വസിപ്പിക്കാൻ എന്നോണം കടൽ ഇരമ്പി പാഞ്ഞെത്തും. മണ്ണിൽ നീ കൊത്തിവച്ച ആ വാക്കുകൾ കടലെടുക്കും. അതിൻ്റെ ഓർമ്മ, ആ വേദന തന്നിൽ മാത്രം ഒതുങ്ങട്ടെ എന്ന ചിന്തയോടെ കടൽ ആ തെളിവ് നശിപ്പിക്കും. മണ്ണിനെ ഒരു വട്ടം കൂടി തലോടിയിട്ട്, തിരിച്ച് തന്നിലേക്ക് മടങ്ങും.

ഞാനാകുന്ന മണ്ണിൽ വരച്ചിടാൻ ഇനി നീ ഉണ്ടാവരുത്. നിൻ്റെ വാക്കുകളെ ഉള്ളിൽ ഒതുക്കി വേദനിക്കുന്ന എന്നിലെ കടലും.

ഇനി നമ്മൾ തമ്മിൽ ഒരു കൂടിക്കാഴ്ച ഉണ്ടാവരുതേ എന്ന് ഇപ്പോൾ ഞാനും ആശിച്ച് പോവുകയാണ്.
എന്നെങ്കിലും ഇതിന് മാറ്റം വരുമായിരിക്കാം. അതു വരെ, ഇനി ഒരിക്കലും നാം പരസ്പരം അറിയാതിരിക്കട്ടെ.
തമ്മിൽ പരിചയപ്പെടാതിരിക്കട്ടെ.

എന്ന്,
ഒരു അപരിചിത.

ദൂരേ...Where stories live. Discover now