" ആഹാ, എന്തൊരു സ്നേഹം, രണ്ട് ദിവസം ദീദിയെ കാണാതെ നിന്നപ്പോൾ ഇങ്ങനെ സ്നേഹം കവിഞ്ഞൊഴുമോ?..." ജിത സൈഡിൽ നിന്നും ഞങ്ങളെ നോക്കി കളിയാക്കി പറഞ്ഞതും അവൻ പെട്ടന്ന് തന്നെ എന്റെ മേലിൽ നിന്നുള്ള പിടി വിട്ടു മാറി നിന്നു.

" അയ്യേ സ്നേഹം കവിഞ്ഞൊഴുകാൻ ഞാനെന്താ ഗംഗാ നദിയോ! പിറകിൽ ഹീരാമ്മ വരുന്നത് കണ്ടപ്പോൾ ഹീരാമ്മയെ കാണിക്കാൻ വേണ്ടി സ്നേഹം പ്രകടിപ്പിച്ചതല്ലേ..." അവൻ മുഖത്തെ ചമ്മൽ മറച്ചുകൊണ്ട് ജിതയെ നോക്കി പറഞ്ഞു.

" അത് പിന്നെ ഞങ്ങൾക്ക് മനസ്സിലായില്ലേ... അല്ലേ ബാബീ..." ജിത ആക്കിച്ചിരിയോടെ വിക്കിയേയും എന്നെയും നോക്കി.

" പിന്നേയ്..." ഞാനും അതേ ട്യൂണിൽ ചിരിയോടെ പറഞ്ഞു.

" രണ്ടാളും കൂടി കൂടുതൽ ആകല്ലേ... മാറങ്ങോട്ട്..." വിക്കി ചുണ്ടും കൂർപ്പിച്ചു ഞങ്ങളെ രണ്ടാളെയും നോക്കിയ ശേഷം എന്നെ പതുക്കെ സൈഡിലേക്ക് തള്ളിമാറ്റി റൂമിനകത്തേക്ക് കയറി.

" നീയിതെങ്ങനെ വന്നു വിക്കീ? മമ്മിയും പപ്പയും ഇല്ലേ കൂടെ?" ഞാൻ തിരിഞ്ഞു നിന്ന് അവനെ നോക്കി ചോദിച്ചു.

" ഞാൻ ഹരിയങ്കിളിന്റെ കൂടെ വന്നതാ..." അവൻ തിരിഞ്ഞു നോക്കാതെ സോഫയുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു.

" എന്തേ പെട്ടന്ന് വരാൻ തോന്നിയത്, എന്നെ മിസ് ചെയ്തോ?" ഞാൻ കള്ളച്ചിരിയോടെ അവനെ ചൂടാക്കാനായി ചോദിച്ചു.

" അയ്യേ... എനിക്ക് വേറെ പണിയൊന്നും ഇല്ലാലോ... നിങ്ങൾ എല്ലാവരും ഇന്ന് രാത്രി ഫുഡടിക്കാൻ പോകുന്നുണ്ടെന്ന് എനിക്ക് സിബിഐ ഇൻഫോർമേഷൻ കിട്ടി, അതോണ്ട് വന്നതാണ്..." അവൻ സോഫയിൽ ഇരുന്നുകൊണ്ട് എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു.

ഞാൻ സംശയത്തോടെ ജിതയെ നോക്കി, ഇന്ന് പുറത്തേക്ക് പോകുന്ന വിവരം അവനോട് പറയാൻ കഴിഞ്ഞിരുന്നില്ല, അവളെ നോക്കി കണ്ണ് കൊണ്ട് അവളാണോ എന്ന് ചോദിച്ചപ്പോൾ അവൾ അല്ല എന്നർത്ഥത്തിൽ തലചെരിച്ചു.

" നിങ്ങൾ രണ്ടാളും ഫുഡിന്റെ കാര്യം വന്നാൽ പിന്നെ മറ്റാരെയും കുറിച്ചു ചിന്തിക്കില്ലാലോ, എന്നോട് എന്റെ ഒരേയൊരു അളിയനാണ് പറഞ്ഞത്..." വിക്കി സോഫയിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now