പ്രവാസിയുടെ പ്രിയസഖി

Начните с самого начала
                                    

ആളില്ലാത്ത പറമ്പിൽ തേങ്ങയിടാൻ ചിലർക്കുള്ള മോഹങ്ങളും ഒളിഞ്ഞും തെളിഞ്ഞു മുള്ള പരിശ്രമങ്ങളെയും ചെറുത്ത് അവൾ പലപ്പോഴും തളർന്നു.....

പരിശ്രമങ്ങളൊക്കെ പാഴായെന്ന് മനസ്സിലാക്കിയ ചിലർ വിവാഹ ശേഷം പഠിക്കാൻ പോകുന്ന ഒറ്റക്കാരണം ചൂണ്ടിക്കാട്ടി അവളെ അഹങ്കാരിയും തൻ്റെടിയും അഴിഞ്ഞാട്ടക്കാരിയുമാക്കി മുദ്ര കുത്തി!

ഇടക്കിടെ വിളിച്ച് സുഖവിവരം അന്വേഷിക്കുന്ന അദ്ദേഹത്തിൻ്റ വാക്കുകളിൽ വിരഹത്തിൻ്റ കയ്പവൾ മറക്കാൻ ശ്രമിച്ചു.... അന്യനാട്ടിൽ കിടക്കുന്ന അദ്ദേഹത്തിൻ്റ മനസ്സമാധാനം നഷ്ടപ്പെടാതിരിക്കാൻ ബുദ്ധിമുട്ടുകൾ എല്ലാം അവൾ മറച്ചുവെച്ചു....

ചേർന്ന കോഴ്സ് പാതിയിൽ നിർത്തി ഒടുക്കം സ്വന്തംവീട്ടിലും ഭർത്താവിൻ്റ വീട്ടിലും അവൾ ഒതുങ്ങിക്കൂടി.... വിരഹവും നിരാശയും വിഷാദവും കൂടിക്കൂടി ഒടുക്കം കാരണം കണ്ടു പിടിക്കാനാവാത്ത ഉറക്കക്കുറവും തലവേദനയും ന്യൂറോളജിസ്റ്റിലും ഒടുക്കം സൈക്യാട്രിസ്റ്റിലും എത്തി നിന്നു......

തുടർച്ചയായ ചില കൗൺസിലിംങ്ങ് സെഷനിലൂടെയാണ് ഭർത്താവിനോട് തിരികെ വരണമെന്ന് ആവശ്യപ്പെടാൻ അവൾ ധൈര്യം സംഭരിച്ചത്!......

അന്നാദ്യമായി അവൾ അദ്ദേഹത്തോട് ഉള്ള് തുറന്ന് സംസാരിച്ചു!

" പെങ്ങൾമാരുടെ കല്യാണവും കഴിഞ്ഞ് സ്വന്തമായൊരു വീടും ബിസിനസ്സൊന്നുമില്ലാതെ ഞാനങ്ങോട്ട് വന്നിട്ടെന്തിനാ...."
പ്രവാസം തേടിപ്പോകുന്ന ഓരോരുത്തരുടെയും ന്യായമായ ആഗ്രഹം!

"നിങ്ങള് 19 വയസ്സില് അക്കരെപ്പോയതാന്ന് ഞാൻ ഉമ്മ പറഞ്ഞ് കേട്ടിട്ട്ണ്ട്! എന്നെ കെട്ടുമ്പോ നിങ്ങൾക്ക് വയസ്സിരുപത്തെട്ട്! പത്ത് കൊല്ലമായിട്ടും ഈ പറഞ്ഞ സ്വപ്നങ്ങളൊന്നും നടന്നില്ലല്ലോ?
ഒരു കൊല്ലം കൂടി എന്ന് പറഞ്ഞ് നിങ്ങളിവിടന്ന് പോയിട്ട് കൊല്ലം നാലായില്ലേ? ആ കുഞ്ഞിനെ ഒന്ന് കാണണമെന്നാഗ്രഹമില്ലേ?...."
പൊട്ടിക്കരഞ്ഞ് കൊണ്ടന്നവൾ ചോദിച്ചു!

" നമുക്ക് വേണ്ടിയല്ലേ? നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടിയല്ലേ? നമുക്കുറങ്ങാൻ ഒരടച്ചുറപ്പുള്ള കൂര വേണ്ടേ?.... മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണ്ടേ? ജീവിക്കാൻ ഒരു വഴി വേണ്ടേ?
പട്ടിണി കൂടാതെ കഴിയണ്ടേ?" നിസ്സഹായതയോടെ അദ്ദേഹം ചോദിച്ചു!

"നാലായിരത്തിൻ്റ പട്ടും നാപ്പതിനായിരത്തിൻ്റ പൊന്നും നാല് നില മാളികയൊന്നും വേണ്ടെനിക്ക്!
മീൻ കച്ചവടക്കാരൻ്റമോളാ..... നിങ്ങളൊരു ഓട്ടോക്കാരനോ കൂലിപ്പണിക്കാരനോ ആണെന്ന് പറയാൻ എനിക്ക് നാണക്കേടൊന്നുമില്ല!....
ഓലപ്പുരയിൽ നിന്ന് വന്ന എനിക്കീ ഓടിട്ട വീട് മതി!.... പട്ടിണി മാറ്റാൻ റേഷനരിയാണേലും മതി!....
സർക്കാര് സ്കൂളിൽ പഠിച്ചാലും പഠിക്കണ പിള്ളേര് പഠിച്ചോളും! നിങ്ങള് നാട്ടിലേക്ക് വാ..... നമുക്കിതൊക്കെ മതി!.... ഉപ്പാൻ്റ മയ്യത്ത് മോറ് കാണാൻ പോലും പറ്റാതെ നിങ്ങടെ ഉള്ള് കരയണത് കേട്ടത് ഞാൻ മാത്രാ.... ഇനിയങ്ങോട്ട് വരുന്നത് പോലെ വരട്ടെ!....." അവളുടെ കരച്ചില് കേട്ട് സഹിക്കാൻ കഴിയാതെയാവണം അദ്ദേഹം നാട്ടിൽ വന്നു!....

പതിനാല് വർഷം പ്രവാസം കൊണ്ട് നടക്കാത്തതെല്ലാം ആറേഴ് വർഷം കൊണ്ടദ്ദേഹം മുച്ചക്രമോടിച്ച് നടത്തിയെടുത്തു!
പെങ്ങമ്മാരെയെല്ലാം നല്ല വിദ്യാഭ്യാസം കൊടുത്ത് കെട്ടിച്ച് വിട്ടു!.... ഭാര്യയെ പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കി! സ്വന്തം വീട് വാങ്ങി!.... പിന്നീടത് പൊളിച്ച് വീട് വെച്ചു!..

പിന്നീട് വീട് വെച്ച കടം വീട്ടാൻ ഒരിക്കൽക്കൂടി പോയാലോ എന്നായി ആലോചന!

" നമുക്ക് ഈ വീടങ്ങ് പണയം കൊടുക്കാം.. അങ്ങനെ തീർന്നില്ലങ്കിൽ വിറ്റ് കടം വീടീട്ട് വാടകയ്ക്ക് പോകാം....
എന്നാലും നിങ്ങളിനി അക്കരയ്ക്ക് പോവണ്ട!......"

അങ്ങനെ അവൾക്ക് താങ്ങും തണലുമായി ശിഷ്ടജീവിതം അദ്ദേഹമങ്ങനെ കേരള നാട്ടിൽ ജീവിച്ചു പോന്നു ഓട്ടോ തൊഴിലാളി യൂണിയനിൽ പ്രവർത്തിച്ചൊടുക്കം കമ്യൂണിസം തലക്ക്പിടിച്ച പണ്ടത്തെ പ്രവാസി പിന്നങ്ങ് സഖാവായി.... അവൾ സഖാവിൻ്റ പ്രിയ സഖിയും!

" പ്രണയം തുടിക്കുന്ന വരികളോടെനിക്ക് വിരസതയാണെനിക്ക്

യഥാർത്ഥ പ്രണയമെന്തന്നറിയുന്നതിനാലാവാം...

വിരഹം തുളുമ്പുന്ന വരികളോടു ഭയമാണെനിക്ക്

അത്രമേൽ നിൻ്റവിരഹം എന്നെ ചുട്ടുപൊള്ളിച്ചതിനാലാവാം''

എന്നവൾ എവിടെയോ കുത്തിക്കുറിച്ചിട്ടു!

Disclaimar

ഈ കഥയും കഥാപാത്രങ്ങളും ഞാനുമായി എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ തികച്ചും യാഥാർത്ഥ്യമാണ്

സുമി അസ്ലം PT

© അതിജീവനത്തിൻ്റ നാമ്പുകൾ





അതിജീവനത്തിന്റ നാമ്പുകൾ!Место, где живут истории. Откройте их для себя