അതിജീവനത്തിന്റ വിജയികൾ

469 53 18
                                    

" ഇവിടെ നീ എന്തിനാ വന്നത്? ഇവിടെ നിനക്ക് ആരാണുള്ളത്? തൊലച്ചതല്ലേ നീയെല്ലാം..." അച്ഛന്റ വാക്കുകൾ ചെവിയിൽ അലയടിക്കും പോലെ തോന്നി അഭിക്ക്... കണ്ണ് നിറഞ്ഞ അമ്മയുടെയും ചേച്ചിയുടെയും മുഖം മനസ്സിലൂടെ കടന്നു പോയി. അച്ഛൻ മുഖത്തേക്ക് വലിച്ചെറിഞ്ഞ ന്യൂസ് പേപ്പറിൽ ഫോട്ടോയോട് കൂടിയ വാർത്ത! " കഞ്ചാവ് കടത്തൽ അഞ്ച് യുവാക്കൾ പിടിയിൽ!" മനസ്സറിയാത്ത കാര്യമാണ്.... നിരപരാധിത്വം കോടതി തിരിച്ചറിഞ്ഞത് കൊണ്ടാണല്ലോ കുറ്റവിമുക്തനാക്കിയത് പക്ഷേ ഇതിന്റ പേരിൽ ജീവിതം തന്നെ നഷ്ടപെട്ടതല്ലേ എനിക്ക്... അവന്റ മനസ്സ് പറഞ്ഞു. നിശ്ചയിച്ചുറപ്പിച്ച ചേച്ചിയുടെ വിവാഹം മുടങ്ങി. കുടുംമ്പത്തിൽ നിന്ന് പുറത്താക്കി. സ്നേഹിച്ച പെണ്ണ് തള്ളിപ്പറഞ്ഞു. കോളേജിൽ നിന്ന് പുറത്താക്കി. " കഞ്ചാവ് കേസിലെ പ്രതി!" അവന്റ ചെവിയിൽ അപമാനം അലയടിച്ചു. നഷ്ടബോധം അവനെ അസ്വസ്ഥനാക്കി. ഇനിയെന്ത്?.... റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിലിരുന്ന് അവൻ ട്രാക്കിലേയ്ക്ക് നോക്കി. ഭ്രാന്തമായ മനസ്സോടെ അവൻ ആ ട്രാക്കിലേയ്ക്കിറങ്ങി നടന്നു. പിന്നിൽ നിന്നും ട്രെയിൻ കിതച്ചെത്തുന്ന ശബ്ദം കേൾക്കാം.... പക്ഷേ പെട്ടന്നായിരുന്നു ട്രാക്കിൽ നിന്ന് അവനെ ആരോ വലിച്ച് മാറ്റിയത് നിമിഷങ്ങൾക്കകം ട്രെയിൻ കടന്നു പോയി. അവന് ദേഷ്യവും നിരാശയും അണപൊട്ടി. വലിച്ചു മാറ്റിയ ആളുടെ കരണക്കുറ്റിക്ക് ഒന്ന് പൊട്ടിച്ചു. അവൻ അയാളുടെ മുഖത്ത് നോക്കി. അവന്റ കൈവിരലഞ്ചും അവളുടെ മുഖത്തുണ്ട്. മൂക്കിൽ നിന്ന് രക്തം വരുന്നുണ്ട്.... അവൻ ഭ്രാന്തമായി വീണ്ടും മുന്നോട്ട് നടന്നു.
"ഏയ്.... നിക്ക്.... എന്നെ ഈ ആളില്ലാത്തിടത്ത് തനിച്ചാക്കി പോകുവാണോ?"
അവൾ പിൻവിളി വിളിച്ചു. അവൻ തിരിച്ചു വന്നു അന്നിട്ട് ദേഷ്യത്തിൽ ചോദിച്ചു.
"ആരാ നീ? എന്തിനാ എന്നെ വലിച്ചു മാറ്റിയത്?"
"ഞാനാരോ ആവട്ടെ... ഇപ്പോ ഒന്ന് ഹെൽപ് ചെയ്യോ? ആ റേയിൽവേ സ്‌റ്റേഷൻ വരെ എന്നെ ഒന്നാക്കിത്തരുവോ? പ്ലീസ്..." അവളുടെ കുസൃതി തുളുമ്പുന്ന ചോദ്യം.
" തനിച്ചല്ലേ വന്നത്? തനിച്ച് തന്നെ പോയാൽ മതി... എന്നെ എന്റ വഴിക്ക് വിട്!"
അവൻ വീണ്ടും ചൊടിച്ചു. എന്നിട്ട് തിരികെ നടന്നു. അവൾ പിന്നാലെ ചെന്നു.
"തനിച്ചുപോയാൽ.... ഗോവിന്ദച്ചാമിമാരുള്ള നാടല്ലേ? ചിലപ്പോ നാളത്തെ പത്രത്തിൽ ഞാനും വല്ല സൗമ്യയോ ജിഷയോ ആവണോ?" അവൾ തമാശമട്ടിൽ പറഞ്ഞു... എന്തോ അവന് അവളെ തനിച്ചാക്കാൻ തോന്നിയില്ല.
"നടക്ക്..." അവൻ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. അവൾ പിന്നാലെയും.
" പ്രാന്ത് പിടിച്ച പോലെ ട്രാക്കിലൂടെ പോകുന്ന കണ്ടപ്പോ എന്തോ സ്പെല്ലിംങ് മിസ്റ്റേക്ക് തോന്നി പിന്നാലെ വന്നതാ ഞാൻ! വെറുതെയായില്ല!" അവൾ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.
" ശല്യം മനുഷ്യനെ ചാവാനും സമ്മതിക്കില്ല!" അവൻ പിറുപിറുത്തു.
"നിന്റ പ്രശ്നമെന്തെന്ന് എനിക്കറിയില്ല. എങ്കിലും നിന്നോട് ചിലത് പറഞ്ഞോട്ടെ."
അവൻ അവളുടെ മുഖത്ത് നോക്കി.
"മരണമെന്നത് പരമമായ സത്യമാണ് ... അത് തേടിപ്പോകുന്നവർ ഭീരുക്കളും... സാഹചര്യങ്ങളെ അതിജീവിക്കുന്നവരാണ് യഥാർത്ഥ്യത്തിൽ വിജയിക്കുന്നവർ... നിനക്ക് വേണ്ടത് ഇപ്പോ മരണമല്ല. മാറ്റമാണ്.''
ഞാൻ എന്ത് വേണമെന്ന ഭാവേന അവൻ അവളെത്തന്നെ നോക്കി നിന്നു.
"നീ എന്റ കൂടെപ്പോരുന്നോ?" അവൾ ചോദിച്ചു.
അവൾ പറയുന്നതത്രയും അവൾക്ക് തമാശയായി തോന്നി. എങ്കിലും എന്തിനെന്നില്ലാതെ അവൻ അവളെ അനുഗമിച്ചു.റെയിൽവേ സ്‌റ്റേഷനിലെ റസ്റ്റോന്റിൽ അവൾ അവന് ഭക്ഷണം വാങ്ങിക്കൊടുത്തു. അവൻ അത് കഴിക്കാതെ കുഴച്ച് കൊണ്ടിരുന്നു.
"എന്താ പേര്?" അവൾ ചോദിച്ചു....
" അഭി... അഭിജിത്ത്. " അവൻ അലക്ഷ്യമായി മറുപടി പറഞ്ഞു.
"എന്തിനാടോ താൻ ചാവാൻ പോയെ?" അവൾ തമാശമട്ടിൽ ചോദിച്ചു.
കാര്യങ്ങൾ അവൻ ചുരുക്കിപ്പറഞ്ഞു.അവൾ പൊട്ടിച്ചിരിച്ചു. അവന് വല്ലായ്മ തോന്നി കരണത്ത് ഒന്നു കൂടെ പൊട്ടിച്ചാലോ എന്നായി അവന്റ ചിന്ത. അവന്റ രൂക്ഷമായ നോട്ടം കണ്ട് അവൾ പറഞ്ഞു.
"നിന്നെ കണ്ടാൽ തോന്നില്ലല്ലോ? നീ ഒരു കഞ്ചൂസാണെന്ന്... എന്നിട്ടും നിന്നെ പോലീസ്പൊക്കീലെ? അതോർത്തു ചിരിച്ചതാ... ഇതിനൊക്കെ ആരേലും ട്രാക്കിൽ ചാടുമോ?"
ഇവളെന്താ ഇങ്ങനെ? അരപ്പിരിയാണോ അതോ മുഴുപ്പിരിയോ? അവൻ ആലോചിച്ചു. അവൾ ബില്ല് കൊടുക്കാൻ പേഴ്സ് പരതി... അത് അകത്തേയ്ക്ക് വീണുകിടക്കുന്നു. ബാഗിലുണ്ടായിരുന്ന ഫയൽ വലിച്ചെടുത്ത് അവൾ അവന് നീട്ടി. "ഇത് പിടിച്ചേ.... " അത് അവൻ വാങ്ങി ടേബിളിന് പുറത്ത് വെച്ചു. അവൾ പേഴ്സ് എടുത്ത് ബാഗ് അവിടെ വെച്ച് വാഷ് ഏരിയയിലേക്ക് പോയി. അവൻ മേശപ്പുറത്തിരിക്കുന്ന ഫയലിലേയ്ക്ക് നിസംഗതയോടെ നോക്കി. RCC Trivantrum ...
അകത്തിരിക്കുന്ന പേപ്പറിൽ ബോൾഡ് ലെറ്ററിൽ അവൻ വായിച്ചു. അവൻ അത് തുറന്ന് നോക്കി. അവനൊന്നും മനസ്സിലായില്ല. അത് ചില ക്ലിനിക്കൽ റെക്കോർഡ്‌സ് ആയിരുന്നു. RCC മാത്രം അവന്റ മനസ്സിൽ മായാതെ നിന്നു. അവൾ ബില്ല് കൊടുത്തു തിരിച്ചു വന്നു.
"ഐറിൻ... " അവൻ വിളിച്ചു.
"എന്റ പേരെങ്ങനെ?" അവൻ ഫയൽ അവൾക്ക് നേരെ നീട്ടി എന്നിട്ട് ചോദിച്ചു.
"എന്താ RCCല്?" അവൾ അത് വാങ്ങി ബാഗിൽ വെച്ചു... ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു.
" ഞാൻ Trivantrum RCC യിലേക്ക് തന്നെയാണ് പോകുന്നത്... I am a cancer patient. "
എന്തിനോ അവന്റ കണ്ണ് നിറഞ്ഞു.
"ബ്രോ... എന്തായിത് Sentiment... Sympathy.... വേണ്ടട്ടോ... അതൊക്കെ ആവശ്യത്തിലധികം കിട്ടുന്നുണ്ട്. " ഒരു നിമിഷത്തെ മൗനത്തിന് ശേഷം അവൾ തുടർന്നു.
" നീ മരണത്തെ തേടിപ്പോകുമ്പോൾ മരണം ഒരു നിഴൽ പോലെ എന്റ കൂടെയുണ്ട്.... രണ്ട് വർഷമായി ഞാൻ മരണത്തോട് പോരാടുന്നു. അഭി...കാൻസർ തിരിച്ചറിഞ്ഞപ്പോഴാണ് ജീവിതത്തിന്റ വില ഞാൻ മനസ്സിലാക്കിയത്.... ഈ ജീവിതം കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനം വേണമെന്ന് തോന്നിത്തുടങ്ങിയത്.."
ട്രെയിൻ വന്നു. അവർ പോകാൻ തുടങ്ങി... "നീ അവിടം വരെ തനിച്ച്?" അവൻ ആവലാതിപ്പെട്ടു. "തനിച്ചല്ലല്ലോ? ഈ ട്രെയിനിൽ ഇത്ര ആളുകൾ ഇല്ലേ? പിന്നെ നീയും വരില്ലേ എന്റ കൂടെ?" അവൾ കുസൃതിയോടെ ചോദിച്ചു. അവനും അവളോടൊപ്പം ആ വണ്ടിയിൽ കയറി. "I am Sure you will be relax after this journey..."
യാത്രയിലുടനീളം അവൾ വാചാലയായിരുന്നു. RCC യിലെ കാഴ്ചകൾ വേദനാ ജനകമായിരുന്നു. മാസ്ക് വെച്ച പിഞ്ചുമുഖങ്ങളിൽ ദയനീയത... കീമോചെയ്ത് കറുത്ത ഞരമ്പുകളും മുടി പൊഴിഞ്ഞ് വികലമായ മുഖത്തോടും കൂടിയവർ... ഉറ്റവരുടെ രോഗ പീഢകളിൽ കണ്ണു നിറഞ്ഞും മനംനൊന്തും കൂട്ടിരുപ്പുകാർ... വാർഡിനു മുന്നിൽ എത്തിയപ്പോൾ ഐറിൻ മറ്റൊരു കുട്ടിയെ കെട്ടിപ്പുണർന്നു.
" എവിടെ?" ഐറിൻ അന്വേഷിച്ചു. " അമ്മ രാവിലെയെത്തി. നീയെവിടെയായിരുന്നു. മൊബെൽ സ്വിച്ച് ഓഫ് ചെയ്തിട്ട്?" അവൾ പരിഭവിച്ചു.
" അത് രാവിലത്തെ ട്രെയിൻ മിസ്സായി" അഭി ഇരുവരെയും നോക്കി പുഞ്ചിരിച്ചു. " ഇത് എന്റ വാർഡ് മേറ്റ്... കഴിഞ്ഞ തവണ കീമോ ചെയ്തപ്പോഴും വാർഡിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു..." അവൾ പരിജയപ്പെടുത്തി. പിന്നെ നേരെ പോയത് വാർഡിലേക്കായിരുന്നു. അവൾ അവിടെ അഡ്മിഷൻ പ്രൊസീജിയർ പൂർത്തിയാക്കി. " റൂമിൽ കിടക്കുന്നത് എനിക്കിഷ്ടമല്ല വാർഡ് ആകുമ്പോ ഒരുപാട് പേരെ കാണാം സംസാരിക്കാം.... പരിജയപെട്ടില്ലല്ലൊ ഇത് എന്റ അമ്മ" അവൾ അമ്മയെ പരിജയപ്പെടുത്തി. അഭി അവളോട് യാത്ര പറഞ്ഞു. ഹോസ്പിറ്റൽ വാതിൽ വരെ അവൾ അവനെ അനുഗമിച്ചു.
"അഭി... എങ്ങോട്ടാ പോകുന്നത്?" അവൾ ചോദിച്ചു.
" വീട്ടിലെയ്ക്കില്ല!" അവൻ പറഞ്ഞു.
" വീട്ടിലേയ്ക്ക് തന്നെ പോണം അഭി... നിന്റമ്മ നിന്നെയോർത്ത് കരയുന്നുണ്ടാവും."അവൾ പറഞ്ഞു.
അവൻ പോകാൻ തുടങ്ങി.
"അഭി... " അവൾ പിൻവിളി വിളിച്ചു.
അവൻ അവിടെ നിന്നു. അവൾ അവന് മുന്നിൽ ചെന്നു എന്നിട്ട് അവന്റ കയ്യിൽ കുറച്ച് രൂപ വെച്ചു കൊടുത്തു.
"ഏയ്... എന്തായിത്.... വേണ്ട." അവൻ എതിർത്തു.
" വീട്ടിൽ നിന്ന് ചാകാൻ ഇറങ്ങിപ്പോന്ന നിന്റ കയ്യിൽ എന്തുണ്ടാവാനാ? വഴി ചിലവിനിരിക്കട്ടെ" അ .വൾ നിർബന്ധിച്ചു. അവനോട് അവസാനമായി അവൾ പറഞ്ഞു.
" ജീവിതത്തിൽ എന്ത് പ്രതിസന്ധിയുണ്ടായാലും നീ ഇന്നത്തെ ദിവസം ഓർക്കണം.. നിനക്ക് സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കരുത്ത് കിട്ടും." അവൻ തിരികെ യാത്രയായി...
Rcc യിൽ നിന്നുള്ള മടക്കയാത്രയിൽ അഭി ജീവിതത്തെ പറ്റി ചിന്തിച്ചു. ജീവിതത്തിന്റ വില മനസ്സിലാക്കി. അവൻ എത്ര ഭാഗ്യവാനാണെന്ന് തിരിച്ചറിഞ്ഞു. തന്റ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് എന്തെങ്കിലും ഉപകാരം ഉണ്ടാവണം എന്ന് തീരുമാനിച്ചു. ഐറിൻ.. അവളുടെ ഓരോ വാക്കുകളും അവന് പുതിയ വഴിതുറന്ന് കൊടുത്തു. അന്നത്തെ രാവു പുലർന്നത് അഭിക്ക് പുത്തൻ സൂര്യോദമായി തോന്നി.
രണ്ട് വർഷങ്ങൾക്ക് ശേഷം അഭി ഇപ്പോൾ കാൻസർ രോഗികൾക്ക് വേണ്ടിയുള്ള പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയറിന്റ ഒരു പാർട്ട് ടൈം വോളന്റിയർ ആണ്. കാൻസറിന്റ ഭീകരത അടുത്തറിഞ്ഞ നിമിഷങ്ങൾ... ഒരിക്കൽ അവൻ ഐറിനെ വീണ്ടും കണ്ടു. സാന്ത്വനത്തിൽ വെച്ച്‌. അവളുടെ ദിവസങ്ങൾ എണ്ണപെട്ടിരുന്നു.
"ഐറിൻ നിനക്കെന്നെ മനസ്സിലായോ? ഞാൻ അഭി..... " അവൾ അവനെ തിരിച്ചറിഞ്ഞില്ല. വീൽ ചെയറിൽ നിന്ന് അവൻ അവളെ ബെഡിലേയ്ക്ക് മാറ്റി... ട്യൂബിലൂടെ അവൾക്ക് ഭക്ഷണം കൊടുക്കുന്നതും അവൾ രക്തം ചർദ്ദിച്ച് അവശയാകുന്നതും കണ്ട് അവന്റ കണ്ണു നിറഞ്ഞു.
"ബ്രോ... എന്തായിത് Sentiments... Sympathy.... വേണ്ടട്ടോ... " അവളുടെ വാക്കുകൾ അവൻ ഓർത്തു. അവൾക്കേറ്റവും ഇഷ്ടമുള്ള വെളുത്ത പനിനീർ പൂക്കളും കൊണ്ട് ഒരിക്കൽ അവൻ അവളെ കാണാൻ എത്തി. അപ്പോഴേയ്ക്കും പുഞ്ചിരിച്ച് കൊണ്ട് അവൾ ഈ ലോകത്ത് നിന്ന് യാത്ര പറഞ്ഞിരുന്നു... അവൾക്കായി കൊണ്ട് വന്ന പൂക്കൾ അവളുടെ കൈകളിൽ വെച്ച് അഭി അവളുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചു.
പാലിയേറ്റീവ് കെയറിലെ സിസ്റ്റർ അഭിയുടെ തോളത്ത് തട്ടി പറഞ്ഞു.
"അഭി.... മരണം അനിവാര്യമാണ്! അവൾ കീഴടങ്ങിയതല്ല അഭി! കാൻസർ തിരിച്ചറിഞ്ഞ് അഞ്ച് വർഷം ഐറിൻ ഇച്ഛാശക്തി കൊണ്ട് മരണത്തെ അതിജീവിച്ചു.... ഓരോ കാൻസർ രോഗികളും വിജയികളാണ് അതിജീവനത്തിന്റ വിജയികൾ..."
മരണമെന്നത് പരമമായ സത്യമാണ്... അത് തേടിപ്പോകുന്നവർ ഭീരുക്കളും അതിജീവിക്കുന്നവർ വിജയികളുമാവും. ഒന്നിച്ചു പൊരുതാം കാൻസർ എന്ന വിപത്തിനെതിരെ.... കൈകോർത്ത് പിടിക്കാം കൈത്താങ്ങാവാം... അതിജീവനത്തിന്റ നാമ്പുകൾക്ക് ദാഹജലമേകാം.... ഒരോരുത്തർക്കും അവരാ ലാവും വിധം.

******************************************************************************************
A short story by Mrs. Sumi Aslam PT
Published on 15/11/2016

അതിജീവനത്തിന്റ നാമ്പുകൾ!Where stories live. Discover now