ഭാഗം 5

150 13 6
                                    

അധ്യാപന ജോലിയിൽ ഞാനെന്റെ ജീവിതം പൂർണ്ണമായി സമർപ്പിച്ചു. അമിതമായി സന്തോഷിക്കുവാനോ മനസ്സു തുറന്നൊന്നു ചിരിക്കുവാനോ പിന്നീടെനിക്കായിട്ടില്ല. ഇടയ്ക്ക് ആതുര സേവനവും അശരണർക്ക് ആശ്രയവുമായ് ഞാൻ ചെല്ലാറുണ്ടായിരുന്നു. അത്തരം ഒരു സംഘടനയിലെ അംഗവുമായിരുന്നു ഞാൻ. മറ്റുള്ളവരുടെ വേദനകൾക്ക് മുൻപിൽ എന്റെ വേദന അലിഞ്ഞില്ലാതായി.
അത്താഴം കഴിഞ്ഞ് കിടക്കാൻ നേരമാണ് ഫോൺ മുഴങ്ങിയത്.ഞങ്ങളുടെ സംഘടനയുടെ പ്രസിഡന്റാണ്. അദ്ദേഹത്തിന്റെ വാക്കുകൾ എനിക്കൊരു പുത്തനുണർവേകി.

"രാജ്യത്തിന്റെ പല ഭാഗങ്ങളിലായ് ഒരുപാട് പേർ ആശ്രയമറ്റ് ജീവിക്കുന്നുണ്ട്. രോഗികൾ,വൃദ്ധർ, മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞുങ്ങൾ അങ്ങനെ പലരും .ഇവരിൽ ഒരു രണ്ടു ശതമാനം പേരെയെങ്കിലും നമുക്കാവുന്ന വിധം സഹായിക്കാൻ കഴിഞ്ഞാൽ നമ്മൾ വിജയിച്ചു.അതിനായ് നമ്മുടെ സംഘടനയിൽ നിന്ന് നാല് പേരേയും മറ്റ് സഹോദര സംഘടനകളിൽ നിന്നു മായ് നൂറോളം പേരേയുമാണ് ഈ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. രാധയേയും മറ്റ് മൂന്നു പേരേയുമാണ് ഞങ്ങൾ തീരുമാനിച്ചത്.രാധയ്ക്ക് എതിർപ്പൊന്നുമില്ലല്ലോ അല്ലേ. "

ഈ ദൗത്യം ഏറ്റെടുക്കാൻ തയ്യാറാണെന്ന് മറുത്തൊന്നും ആലോച്ചിക്കാതെ ഞാൻ പറഞ്ഞു.
ഫോൺ വെച്ച് കിടക്കുമ്പോൾ ഒരു യാത്രയ്ക്കുള്ള ഒരുക്കങ്ങളായിരുന്നു മനസ്സ് നിറയെ.
നേരം വെളുക്കുന്നതിന് മുൻപേ അമ്മയുണ്ടാക്കിത്തന്ന ചായയും കുടിച്ചിറങ്ങുമ്പോൾ മനസ്സ് നിറയെ പലവിധ ആകുലതകളായിരുന്നു. ബീഹാറിലെ ഒരു കുഗ്രാമമാണ് ഞങ്ങളുടെ ലക്ഷ്യം.
ജീവിതത്തിലെ ചെറിയ സൗഭാഗ്യങ്ങൾ പോലും നിഷേധിച്ച ഒരു കൂട്ടം മനുഷ്യർക്കിടയിലേക്കാണ് ഇത്തവണത്തെ യാത്ര.
രണ്ടു ദിവസത്തെ ട്രെയിൻ യാത്രയും മണിക്കൂറുകളോളം ഉള്ള ബസ് യാത്രയും എന്റെ മനസ്സിനെയും ശരീരത്തെയും വല്ലാതെ തളർത്തി.

പൊരിവെയിലിൽ ആ ഗ്രാമത്തിലേക്ക് പ്രവേശിച്ചപ്പോൾ മുന്നിൽ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.
എല്ലും തോലുമായ കുറേ മനുഷ്യർ. വൃത്തിയും വെടുപ്പും തൊട്ടുതീണ്ടാത്ത പരിസരം. മലിനജലം പരക്കെയൊഴുകുന്ന നാട്ടുവഴികൾ. വിദ്യാസമ്പന്നരായ ആരുമില്ലാത്ത ഒരു നാടാണിതെന്ന് ഒറ്റനോട്ടത്തിൽ എനിക്ക് തോന്നി. ഹിന്ദിയിൽ അവരോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് അവർ അവരുടെ സാബ്ജിയെ കുറിച്ച് പറയുന്നത്. സാബ് ജി കാ ഗർ എന്ന് പറഞ്ഞ് അവർ ഒരു പഴകിയ ഷീറ്റിട്ട വീട്ടിലേക്ക് വിരൽ ചൂണ്ടി.

ഞാനും എന്റെ സഹപ്രവർത്തകരും ആ കീറിപ്പറിഞ്ഞ കൂരയിലേക്ക് നടന്നു നീങ്ങി. വാതിൽ തള്ളിത്തുറന്നപ്പോൾ പല തരത്തിലുള്ള മരുന്നുകളുടെ ഗന്ധം എന്റെ മൂക്കിലേക്ക് അരിച്ചു കയറി. അകത്തു കയറി ചുറ്റും കണ്ണോടിച്ചപ്പോൾ മരം കൊണ്ട് നിർമ്മിച്ച നടക്കാൻ സഹായിക്കുന്ന ഒരു യന്ത്രം ഞാൻ കണ്ടു.കാലില്ലാത്ത ആരോ ആണിവരുടെ സാബ് ജി എന്ന് ഞാൻ ഊഹിച്ചു. ഞങ്ങളുടെ ശബ്ദം കേട്ടപ്പോൾ അകത്തു നിന്നൊരാൾ തപ്പിത്തടഞ്ഞ് പുറത്തേക്ക് വന്നു. മുറിക്കുള്ളിൽ നട്ടുച്ചക്കും അരണ്ട വെളിച്ചം മാത്രം. ഒറ്റക്കാലനായ അയാൾ ഞങ്ങളുടെ മുൻപിലെ കസേരയിൽ വന്നിരുന്ന് ഹിന്ദിയിൽ എന്തോ ചോദിച്ചു. കരുവാളിപ്പും മുറിപ്പാടുകളും ചെമ്പൻ മുടിയുമായുള്ള രൂപം എനിക്കെവിടെയോ കണ്ടു മറന്നതു പോലെ തോന്നി. പെട്ടന്ന് രാധയ്ക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. യാന്ത്രികമായ് അവളുടെ ചുണ്ടുകൾ ചലിച്ചു " രമേശൻ " .....

(തുടരും)

പ്രണയലേഖനംWhere stories live. Discover now