ഭാഗം 4

124 13 4
                                    

ഇപ്പോൾ ഞാൻ ഒറ്റയ്ക്കല്ല എന്ന തോന്നൽ എന്നിൽ ഉടലെടുത്തു തുടങ്ങി. കലാലയ ജീവിതത്തിന്റെ അവസാന നാളുകളിൽ എന്തൊക്കെയോ നഷ്ടപ്പെടാൻ പോവുകയാണോ എന്ന് ഞാൻ ഭയന്നു. വരാന്തയിലൂടെ കൈകോർത്തു നടന്നതും പുസ്തകങ്ങൾക്കിടയിലൂടെ കഥകൾ കൈമാറിയതും ഒരുമിച്ചു നടന്നു നീങ്ങിയ പാതയോരങ്ങളും ഇനി എന്നും ഓർക്കാനുള്ള ഓർമ്മകളാവുകയാണോ...
പിരിയുമ്പോൾ എഴുതാം എന്ന ഒറ്റ വാക്കിൽ ഞങ്ങൾ എതിർ ദിശകളിലേക്ക് നടന്നു നീങ്ങി.
രമേശന്റെ ആദ്യത്തെ കത്ത് വന്നപ്പോൾ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ഓരോ വാക്കും എന്റെ ഹൃദയത്തിലും സിരകളിലും പതിഞ്ഞു കൊണ്ടേയിരുന്നു. ഓരോ തവണയും മറുപടിയെഴുതാൻ എനിക്ക് ആവേശം കൂടിക്കൂടി വന്നു.

അമ്മയുടെ രാധേ.... എന്നുള്ള വിളി എന്റെ കാതിൽ മുഴങ്ങിയപ്പോൾ ഉയർന്നു വന്ന ചിന്തകൾ പതിയെ മാളത്തിൽ പോയൊളിച്ചു. അത്താഴമൊരുക്കാനുള്ള തിരക്കിലായിരുന്നു അമ്മ. മഴയിതുവരെ തോർന്നിട്ടില്ല. അമ്മയെ സഹായിക്കുകയായിരുന്നുവെങ്കിലും മനസ്സ് സഞ്ചരിച്ചു കൊണ്ടിരുന്നു.

മാസങ്ങളോളം രമേശന്റെ കത്തുകൾ മുടക്കമില്ലാതെ വന്നു കൊണ്ടേയിരുന്നു.
രമേശൻ പട്ടാളത്തിൽ ചേർന്നു. എനിക്ക് തൊട്ടടുത്തുള്ള ട്യൂട്ടോറിയൽ കോളേജിൽ ടീച്ചറായും ജോലി കിട്ടി. രമേശന്റെ രണ്ടു വർഷത്തെ രാജ്യ സേവനത്തിന് ശേഷം കല്യാണത്തെക്കുറിച്ച് ചിന്തിക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു. അപ്പോഴേക്കും എനിക്കെന്റെ കുടുംബത്തെയും സഹായിക്കാമെന്നോർത്തു ഞാൻ സന്തോഷിച്ചു.

പെട്ടന്നൊരു നാൾ മുതൽ രമേശന്റെ കത്തുകളുടെ വരവു നിലച്ചു. ഞാൻ വീണ്ടും വീണ്ടും എഴുതി. പക്ഷേ മറുപടി മാത്രം വന്നില്ല. ഇനി ഒരു വർഷം കൂടി കഴിഞ്ഞാലേ രമേശന്റെ സേവനം പൂർത്തിയാകൂ. ഇപ്പോൾ പഞ്ചാബിലാ ണ് പോസ്റ്റിംഗ് എന്നാണ് രമേശൻ അവസാനമായി എഴുതിയത്. കൈയെത്താ ദൂരത്തല്ല ഇന്നദ്ദേഹം. കൂട്ടുകാരോട് പലരോടും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.മനസ്സിൽ പലവിധ ആധികൾ കൂടിക്കൂടി വന്നു. മുന്നോട്ടുള്ള ജീവിതം കഠിനവും അർത്ഥശൂന്യവുമായി തോന്നിത്തുടങ്ങി. എനിക്കുറപ്പായിരുന്നു രമേശൻ ഒരിക്കലുമെന്നെ വഞ്ചിക്കില്ലായെന്ന്. പിന്നെയെന്താണദ്ദേഹത്തിന് സംഭവിച്ചത്.
ആയിടയ്ക്കാണ് അടുത്ത വീട്ടിലെ ഗോപിയാശാന്റെ മകൻ പട്ടാളത്തിൽ നിന്ന് തിരിച്ചു വന്നത്. ഞങ്ങളുടെ ബന്ധം അറിയാമായിരുന്ന അവൻ എന്നെ കാണുവാൻ വന്നു. പിന്നീടവൻ പറഞ്ഞ വാക്കുകൾ എന്നെ കീറി മുറിച്ചു കൊണ്ടിരുന്നു.രമേശൻ എന്നെ ചതിക്കുകയായിരുന്നുവെന്നും അവിടെയുള്ളൊരു മേജറിന്റെ മകളുമായ് രമേശൻ അടുപ്പത്തിലാണെന്നും അവൻ സാവധാനം പറഞ്ഞവസാനിപ്പിച്ചു.ഇനി രമേശന് വേണ്ടി കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നും രാധ മറ്റൊരു കല്യാണത്തിന് വേണ്ടി തയ്യാറാവണം എന്നു കൂടിയവൻ കൂട്ടിച്ചേർത്തു. കാൽക്കീഴിലെ മണ്ണൊലിച്ച് പോവുന്നതായി എനിക്കു തോന്നി. ഇപ്പോൾ കേട്ടതൊന്നും സത്യമാവരുതേയെന്ന് ഞാൻ മനമുരുകി പ്രാർത്ഥിച്ചു. പക്ഷേ ഒരു സുന്ദരിയുമായി ചേർന്നു നിൽക്കുന്ന രമേശന്റെ ഫോട്ടോ കൂടി കണ്ടപ്പോൾ മനസ്സിൽ അടക്കിവെച്ച സങ്കടം അണപൊട്ടിയൊഴുകി. കണ്ണീരിന്റെ ഉപ്പു കലർന്ന ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. കാലം പിന്നേയും കടന്നു പോയി. മറ്റൊരു വിവാഹത്തിനായി വീട്ടുകാരും നാട്ടുകാരും നിർബന്ധിച്ചു കൊണ്ടേയിരുന്നു. പക്ഷേ രമേശന്റെ മുഖം ഹൃദയത്തിൽ നിന്നു തുടച്ചു മാറ്റുവാൻ എനിക്കായില്ല.

(തുടരും)

പ്രണയലേഖനംWhere stories live. Discover now