ഭാഗം 2

158 15 5
                                    

കോളേജിന്റെ പടികൾ കയറുമ്പോൾ മനസ്സു നിറയെ അമ്മയനുഭവിക്കുന്ന ബുദ്ധിമുട്ടുകളായിരുന്നു. എങ്ങനെയെങ്കിലും പഠിച്ച് ഒരു നല്ല ജോലി സമ്പാദിക്കണം എന്നത് മാത്രമായ് ചിന്ത.
അവിചാരിതമായാണ് ഞാൻ രമേശനെ കണ്ടുമുട്ടുന്നത്. എകണോമിക്സ് ആയിരുന്നു എന്റെ വിഷയം. സോഷ്യോളജി ഡിപ്പാർട്ട്മെന്റിലായിരുന്നു രമേശൻ. എന്തിനും ഒരു പടി മുന്നിലായിരുന്നു രമേശൻ.നന്നായി എഴുതുമായിരുന്നു. ഒരുപാട് സുഹൃത്തുക്കൾ എന്നും രമേശന്റെ മുതൽക്കൂട്ടായിരുന്നു. സഹായം ചോദിച്ച് വരുന്ന ആരേയും നിരാശപ്പെടുത്താറില്ല.രമേശന്റെ ഈ മനോഭാവമാവാം എന്നെ അവനിലേക്ക് അടുപ്പിച്ചത്. പക്ഷേ സ്വന്തം അവസ്ഥയെ കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സ് താഴിട്ടു പൂട്ടാറേയുള്ളൂ .
അപ്രതീക്ഷിതമായാണ് രമേശൻ തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. എന്റെയുള്ളിലെ ഇഷ്ടം തുറന്നു പറയാൻ ഒരുപക്ഷേ എന്റെ പ്രാരാബ്ധമാവാം എന്നെ തടുത്തത്.മറുപടി കൊടുക്കാതെ മുഖം തിരിഞ്ഞു നടന്നെങ്കിലു അന്നും എന്നും മനസ്സ് നിറയെ രമേശൻ മാത്രമായിരുന്നു ...
പിന്നീട് ആൾക്കൂട്ടങ്ങൾക്കിടയിലും ബസ് സ്റ്റോപ്പിലും പലപ്പോഴും ഞാൻ ആ മുഖം തിരഞ്ഞു. കണ്ടില്ല എവിടേയും.പലരോടും ചോദിച്ചു. ക്ലാസിൽ വന്നിട്ട് ദിവസങ്ങളായി എന്ന മറുപടി മാത്രം.പെട്ടന്നൊരു ദിവസമാണ് സുചിത്ര ആ കത്ത് എന്റെ കയ്യിൽ തരുന്നത്.രമേശൻ തന്നയച്ചതാണെന്നു മാത്രം പറഞ്ഞവൾ നടന്നകന്നു. കത്ത് തുറന്നു വായിക്കുമ്പോൾ മനസ്സിൽ ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ ഉയർന്നു കൊണ്ടിരുന്നു.
പ്രിയപ്പെട്ട രാധയ്ക്ക് എന്ന് തുടങ്ങി ആ കത്ത്. ഞാൻ എന്റെ ഇഷ്ടം ഉപേക്ഷിച്ചു എന്ന് കരുതിയെങ്കിൽ നിനക്ക് തെറ്റി. ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്റെ മിഴികൾ എനിക്കു വേണ്ടി തിരയുമ്പോൾ പലപ്പോഴും ഞാൻ നിന്റെ മുൻപിൽ തന്നെ ഉണ്ടായിരുന്നു. ഇത് ഒരു ഒഴിഞ്ഞു മാറ്റമല്ല നിന്റെ മനസ്സിലെ എന്റെ സ്ഥാനം ഞാൻ നിനക്ക് കാണിച്ചു തരികയായിരുന്നു. നീ എത്രയേറെയെന്നെ സ്നേഹിക്കുന്നുവോ അത്രയേറെ നിനക്കെന്നെ നഷ്ടപ്പെടുകയായിരുന്നു ഈ ദിവസങ്ങളത്രയും. നിന്റെ മുഖം കാണുമ്പോൾ ഞാൻ അനുഭവിക്കുന്ന സന്തേഷം അതെത്രയെന്നു പറയാനെനിക്ക് വാക്കുകളില്ല. നിന്റെ കുലീനതയും എപ്പോഴും സന്തോഷം നിറഞ്ഞു നിൽക്കുന്ന മുഖവുമാവാം എന്നെ നിന്നിലേക്കാകർഷിച്ചത്. നിന്റെ മറുപടിക്കായ് ഞാൻ കാത്തിരിക്കും. എന്നെ നിരാശപ്പെടുത്തരുത്. എന്ന് സ്വന്തം രമേശൻ.
കത്ത് നെഞ്ചോട് ചേർത്തൊരു നിമിഷം ഞാൻ നിന്നു. എന്ത് മറുപടിയാണിതിന് ഞാൻ കൊടുക്കേണ്ടത് .പെട്ടന്ന് ഒരുത്തരത്തിലെത്തുവാൻ എനിക്കു സാധിച്ചില്ല. ചിന്തകൾ കാടുകയറിയപ്പോഴേക്കും ഞാൻ വീട്ടിൽ എത്തിയിരുന്നു.
(തുടരും)

പ്രണയലേഖനംWo Geschichten leben. Entdecke jetzt