ഭാഗം 3

107 12 3
                                    

മനസ്സിൽ മുഴുവൻ രമേശനായിരുന്നു. ഞാൻ എന്നോടു തന്നെ പലവുരി ചോദിച്ചു എന്തു മറുപടി കൊടുക്കണമെന്ന്. എഴുതാൻ തുടങ്ങുമ്പോൾ ഒരു ധാരണയുമുണ്ടായിരുന്നില്ല എന്തെഴുതണമെന്ന് .
"പ്രിയപ്പെട്ട രമേശന് .... "അല്ലെങ്കിൽ വേണ്ട ''രമേശന് ... " ഒന്നും ശരിയാവുന്നില്ല. അവസാനം എന്റെ മനസ്സിന്റെ കാവൽക്കാരന്റെ മുഖം സ്മരിച്ചു കൊണ്ടെഴുതിത്തുടങ്ങി.
"പ്രിയപ്പെട്ട രമേശന്,
ഞാൻ ഈ എഴുതുന്നത് വാക്കുകളല്ല എന്റെ മനസ്സാണ്.രമേശന്റെ വികാരം എനിക്ക് മനസ്സിലാവും.രമേശന്റെ ഇഷ്ടം അംഗീകരിക്കുവാനും ഞാൻ തയ്യാറാണ്. പക്ഷേ എന്റെ കുടുംബത്തേയും ഇപ്പോഴുള്ള സാഹചര്യത്തേയും കുറിച്ച് ചിന്തിക്കുമ്പോൾ എനിക്കതിനാവുന്നില്ല. ഇപ്പോൾ എന്റെ മുന്നിൽ ഒറ്റ ലക്ഷ്യം മാത്രമേയുള്ളു. നല്ലൊരു ജോലി നേടി എന്റെ കുടുംബത്തിനൊരു കൈത്താങ്ങാവുക എന്നത്.ഇതിൽ കൂടുതൽ എന്തെങ്കിലും ആഗ്രഹിക്കുവാനോ സ്വപ്നം കാണുവാനോ ഉള്ള അർഹത എനിക്കില്ല. എന്നെ മനസ്സിലാക്കുമെന്ന്  ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു."
ഇത്രയുമെഴുതി ഞാനെന്റെ കത്തവസാനിപ്പിച്ചു.
രാവിലെ കോളേജിൽ എത്തിയപ്പോൾ തന്നെ ഞാൻ രമേശന് വേണ്ടി ഒന്ന് കണ്ണോടിച്ചു. ഒട്ടും വൈകാതെ സുഹൃത്തുക്കൾക്കിടയിൽ ഞാനാ മുഖം കണ്ടു. എന്റെ മുഖത്തേക്ക്  ഇമ ചിമ്മാതെ നോക്കി നിൽക്കുന്ന ആ മുഖം ഒരു നിമിഷം ഞാനും നോക്കി നിന്നു.പെട്ടന്ന് ലക്ഷ്യം മാറ്റി ഞാൻ നടന്നു നീങ്ങി.സുചിത്രയുടെ കയ്യിൽ കത്ത് കൊടുത്തു വിടുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു ഭാരം അനുഭവപ്പെട്ടു. ഞാനെടുത്ത തീരുമാനം ശരിയോ തെറ്റോ... രമേശനെ എനിക്കെന്നന്നേക്കുമായി നഷ്ടപ്പെടുകയാണോ... ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങൾ എന്റെ മുന്നിൽ ഉയർന്നു വന്നുകൊണ്ടിരുന്നു.
തിരിച്ചു പോകുമ്പോൾ ബസ് സ്റ്റോപ്പിൽ രമേശൻ എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എന്നോടുള്ള ഇഷ്ടം അല്ലാതെ മറ്റൊന്നും ആ മുഖത്ത് തെളിഞ്ഞിരുന്നില്ല. ബസ് സ്റ്റോപ്പിനകത്തേക്ക് കയറുമ്പോൾ എന്ത് പറയണമെന്നറിയാതെ ഞാൻ കുഴങ്ങി. പക്ഷേ രമേശൻ തന്നെ തുടങ്ങി."ഞാൻ നിന്നെ സ്നേഹിച്ചത് നിനക്കെന്നെ മനസ്സിലാക്കാൻ പറ്റും എന്നറിയാവുന്നത് കൊണ്ടാണ്. നിന്റെ കൂടെയുള്ളൊരു ജീവിതം മാത്രമേ ഇന്നെനിക്ക് സങ്കൽപ്പിക്കുവാനാവുന്നുള്ളൂ. എത്ര കാലം വേണമെങ്കിലും കാത്തിരിക്കുവാൻ ഞാൻ തയ്യാറാണ്. നിന്റെ പ്രശ്നങ്ങൾ എന്റേത് കൂടിയായി കാണുവാൻ എന്നെ അനുവദിച്ചുകൂടെ ജീവിതാവസാനം വരെ."
ഇത്രയും പറഞ്ഞത് രമേശൻ നിർത്തി. ആ കണ്ണുകളിലെ തിളക്കം നോക്കി ഞാൻ കുറേ നേരം നിന്നു. ബസുകൾ മാറി മാറി വന്നു പൊയിക്കൊണ്ടിരുന്നു. ഞാനും രമേശനും മാത്രമുള്ളൊരു ലോകത്തായിരുന്നു ഞാൻ. എനിക്ക് സമ്മതമാണ് എന്ന് പറയുമ്പോൾ ഹൃദയത്തിൽ നിന്നൊരു വലിയ ഭാരം ഇറക്കി വെച്ചത് പോലെ തോന്നി.
(തുടരും)

പ്രണയലേഖനംWhere stories live. Discover now