PART-35

816 73 29
                                    

റൂമിൽ നിന്നും ദേവി ഇറങ്ങിയപ്പോൾ മുതൽ ബന്ധുക്കൾ ഏതോ അന്യഗ്രഹ ജീവിയേ പോലെ ദേവിയെ നോക്കുവാൻ തുടങ്ങി. ഉള്ളു കിടന്നു നീറിയിട്ടും തന്നെ കുറ്റപ്പെടുത്തുന്നവരുടെ മുൻപിൽ, തന്നെ കളിയാക്കുന്നവരുടെ ഇടയിൽ ഒരു തുള്ളി കണ്ണുനീർ പൊഴിക്കരുതെന്ന വാശിയോടെ ദേവി സേതുവിന്റെ റൂമിലേക്ക് നടന്നു. പെട്ടെന്ന് ഒരു വയസായ സ്ത്രീ വന്നു ദേവിയുടെ കയ്യിൽ പിടിച്ചു. വിതുമ്പി നിന്ന കണ്ണുകൾ നിറഞ്ഞു ഒഴുകാൻ സമ്മതിക്കാതെ ദേവി ഒന്നു ചിരിച്ചു.

"എന്റെ കുട്ടിയേ നീ ആ കൃഷ്ണനെ കണ്ടോ?? ഞാൻ അവനോടു ഇന്നലെ ഒരു കൂട്ടം പറഞ്ഞിരുന്നു. നീ കണ്ടോ അവനെ?" ദേവിയുടെ കയ്യിൽ നിന്നും പിടി വിടാതെ അവര് ചോദിച്ചു.

"ഇല്ല അമ്മേ.... ഞാൻ കണ്ടില്ല.. കാണുവാണേൽ ഞാൻ പറഞ്ഞേക്കാം.." ദേവി സ്നേഹത്തോടെ പറഞ്ഞു.

"വേണ്ട കുട്ടിയേ.... അവനോട് ഞാൻ ഇന്നലെ പറഞ്ഞിരുന്നു ആ വടക്കേ അറ്റത്തെ മാവിലെ മാങ്ങ പറിക്കാൻ.. നിനക്കും ദീപ്തിക്കും വേണ്ടി... നല്ല പുളിയുള്ള മാങ്ങ ആണ് കുട്ടിയേ.... നീ പോകുന്നതിന്റെ മുൻപേ പറിച്ചു തരാൻ പറയണം അവനോടു.... ഇപ്പോൾ പുളി കഴിക്കാൻ പൂതി ഉള്ള സമയം അല്ലയോ!!!!"   ഇതു കേട്ടതും ദേവിയുടെ ചിരി മാഞ്ഞു. തിരിച്ചു ഒന്നും പറയാനും പറ്റില്ലാത്ത അവസ്‌ഥ ആയിരുന്നു ദേവിക്ക് അപ്പോൾ.ഒന്നും മിണ്ടാതെ വീണ്ടും ഒന്നു ചിരിച്ചു ദേവി നടക്കാൻ ഒരുങ്ങിയതും കസിൻസ് എല്ലാം ദേവിയെ നോക്കി അടക്കി ചിരിക്കുന്നത് കണ്ടത്. ദേവിയുടെ ഉള്ളൊന്നു പിടഞ്ഞു. തലേന്ന് രാവിലെ വരെ തന്റെ കൂടെ തമാശയും പറഞ്ഞു നടന്നവരാണ് ഇപ്പോൾ തന്നെ നോക്കി ചിരിക്കുന്നത് എന്നു വേദനയോടെ ഓർത്തു ദേവി നടന്നു സേതുവിന്റെ മുറിയിൽ കയറി. സേതുവിനെ കണ്ടതും ദേവിയുടെ എല്ലാ നിയന്ത്രണങ്ങളും പോയി. പൊട്ടിക്കരഞ്ഞു കൊണ്ടു സേതുവിനെ കെട്ടിപിടിച്ചു നെഞ്ചിലേക്ക് ചാഞ്ഞു. സേതുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു. പൊട്ടിക്കരയുന്ന ദേവിയെ ചേർത്തു പിടിച്ചു എന്തു ചെയ്യണം എന്നറിയാതെ സേതു നിന്നു.

"അച്ഛാ..... " ദേവി കരഞ്ഞു കൊണ്ട് വിളിച്ചു.

"അച്ഛന്റെ പൊന്നേ.... " സേതുവിന്റെ കണ്ണുകളും നിറഞ്ഞു ഒഴുകി.

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now