പിറ്റേന്ന്, പാലത്തിലെ കാഴ്ചകൾ കണ്ടു
മടങ്ങി എത്തുമ്പോൾ അവനെയും കാത്തു വീടിന്റെ മുറ്റത്ത്‌ ഒരാൾ കാത്തുനിൽപ്പുണ്ടായിരുന്നു. ദൂരെ നിന്ന്  മനുവിനെ കണ്ടപ്പോൾ തന്നെ പട്ടി വാലാട്ടി
തുടങ്ങി. അവനത്ഭുതമായി. ഇന്നേവരെ തന്നെയും കാത്തു ആരും നിന്നിട്ടില്ല. പക്ഷെ, ഇന്നലെ കണ്ട പട്ടി അവനെയും കാത്തു നിൽക്കുന്നത് കണ്ടപ്പോൾ  മനുവിന്റെ കണ്ണുനിറഞ്ഞു. അവൻ വേഗം അടുക്കളയിൽ നിന്ന് ഭക്ഷണം എടുത്ത് കൊണ്ടുവന്നു  കൊടുത്തു. ആ മിണ്ടാപ്രാണി ആർത്തിയോടെ അത് മുഴുവൻ കഴിച്ചു. അവൻ അപ്പോഴാണ് അത് ശ്രദ്ധിച്ചത്. മേലാകെ ചെളി പുരണ്ടിട്ടാണ്‌  ഇന്ന് ആശാന്റെ വരവ്. കുളിപ്പിക്കണം എന്നുണ്ട് മനുവിന്. പക്ഷെ, തൊട്ടാൽ കടിച്ചാലോ ? അവസാനം രണ്ടും കല്പ്പിച്ചു അവൻ പട്ടിയുടെ മുതുകിൽ പതുക്കെ തൊട്ടു. ഒട്ടും പ്രതീക്ഷിക്കാതെ അത് അവനോടു ചേർന്ന് നിന്നു . മനുവിന് വല്ലാത്ത സന്തോഷം തോന്നി. തന്റെ കൂടെ കൂട്ടിരിക്കാൻ ഒരാൾക്കെങ്കിലും ഇഷ്ട്ടമാണല്ലോ. അവൻ ആ പട്ടിയെ കുളിപ്പിച്ചു. അലമാരിയിൽ നിന്നും, പണ്ടെപ്പോഴോ കൂട്ടുകാരൻ സമ്മാനം തന്നപ്പോൾ എടുത്തുവെച്ച ചുവന്ന റിബ്ബൺ തപ്പിയെടുത്തു. മനുവിന്റെ അമ്മ പണ്ടൊക്കെ നന്നായി നൃത്തം ചെയ്യുമായിരുന്നു.അന്ന് താളം ചവിട്ടിയ ചിലങ്കകൾ ഇപ്പോൾ, അലമാരിയിൽ അമ്മയുടെ ഡിവോഴ്സ് ഫയലിന്റെ ഇടയിൽ പൊടിപിടിച്ചു കിടക്കുന്നു. അവൻ അതിൽ നിന്നൊരു മണിയെടുത്തു റിബ്ബണിൽ കെട്ടി പട്ടിയുടെ കഴുത്തിൽ കെട്ടികൊടുത്തു. "ഇപ്പോൾ ആളൊരു കേമനായല്ലോ. നിനക്കിനി ഒരു പേരുകൂടി വേണം. കേശു എന്നായാലോ.. ?? അത് മതിയല്ലേ. നിനക്കിഷ്ട്ടായോ ?" കേശു അവനെയും നോക്കി വാലാട്ടി നിന്നു.

അവരുടെ സൗഹൃദം വളർന്നു. മനു ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ കേശു വീടിന്റെ മുൻപിൽ കാത്തു നിൽപ്പുണ്ടാവും. അമ്മയുടെ കണ്ണ് വെട്ടിച്ചു മനു അടുക്കളയിൽ നിന്നും കേശുവിനു ഭക്ഷണം എടുത്തു കൊടുക്കും. പക്ഷെ, ആ അന്നത്തിനേക്കാൾ കേശുവിനു പ്രിയപ്പെട്ടത് മനുവിനെയായിരുന്നു.

അന്നൊരു ഞായറാഴ്ച ആയതുകൊണ്ട് മനു അൽപ്പം വൈകിയാണ് എഴുന്നേറ്റത്. "കേശു വന്നുകാണുമോ ?" അവൻ മുറ്റത്തേക്ക് ഓടി. ഇല്ല, വന്നിട്ടില്ല. അവൻ ക്ലോക്കിലേക്ക് നോക്കി. സമയം ഒൻപതു മണി ആവുന്നു. സാധാരണ ഈ സമയം കേശു ഇവിടെ എത്തുന്നതാണ്. "ഇന്നിപ്പോ ഇതെന്തുപറ്റി ?.എന്തായാലും അവൻ വരുന്നതിനു മുൻപ്  ഭക്ഷണം എടുത്തു വെക്കാം" മനു കരുതി.

ചാനലുകൾ മാറ്റി മാറ്റി മനുവിന് മുഷിച്ചിലായി. കേശുവിനെയാണെങ്കിൽ കാണുന്നുമില്ല. "ഇനി കേശു എല്ലാരേയും പോലെ എന്നെ വിട്ടുപോയോ ? അവനും എന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണോ ?" മനുവിന്റെ കണ്ണ് നിറഞ്ഞു. ഒറ്റപ്പെടലിൽ നിന്നും ഒരിക്കൽ  അവനെ രക്ഷിച്ചതാണ് കേശു. വീണ്ടും അതേ  കയത്തിലേക്ക് കേശു തന്നെ അവനെ തള്ളിയിടുമോ എന്ന ചിന്ത അവനെ കുത്തിനോവിച്ചു.
"നിനക്കൊന്നും പഠിക്കാനില്ലെ മനു ?"
അമ്മ വരുന്നത് അവൻ കണ്ടില്ലായിരുന്നു. അവൻ വേഗം കണ്ണുതുടച്ചു. "പരീക്ഷയെല്ലാം കഴിഞ്ഞതല്ലേ അമ്മേ. കുറച്ച് കഴിഞ്ഞ് പഠിക്കാം." അവൻ വീണ്ടും ശ്രദ്ധ ടീവിയിലേക്ക് തിരിച്ചു.
"അല്ല..ആരിത്. റെജി ചേച്ചിയോ. വാ ഇരിക്ക്. എന്തൊക്കെയാ വിശേഷം ?"
റെജി ചേച്ചി അവരുടെ അയൽവാസിയായിരുന്നു. റെജി ചേച്ചി അമ്മയോടൊപ്പം സോഫയിൽ ഇരുന്നു. "നീ ഇപ്പൊ വെല്യ സ്നേഹം ആണേലും, അയല്പക്കം ആയിട്ടുംകൂടി ആ വഴി വരാറേ ഇല്ലല്ലോ. "
"തിരക്കല്ലേ ചേച്ചി. അങ്ങു ക്ഷമി. മോളെന്തു പറയുന്നു. " അമ്മ തന്ത്രപരമായി ക്ഷമാപണം നടത്തി.
"അവൾ ഇന്ന് കാറോടിച്ചു. അതും  ആരുടെ സഹായം കൂടാതെ. അതിന്റെ സന്തോഷത്തിലാ ആൾ. പക്ഷെ ഒരു അബദ്ധം പറ്റി. ഓടിക്കുന്നതിന്റെ ഇടയിൽ, ഒരു പട്ടിയെ ഇടിച്ചിട്ടു. തെരുവ് നായയാണ്. അതുകൊണ്ട് പിന്നെ കുഴപ്പമില്ല. "
തീർത്തും ലാഘവത്തോടുകൂടി  അവർ പറഞ്ഞു.
മനുവിന്റെ ഉള്ളൊന്നു പിടഞ്ഞു.

"എവിടെ വെച്ചാ ചേച്ചി ഇടിച്ചെ ?" അവൻ റെജി ചേച്ചിയോട് ചോദിച്ചു. "അതോ, നമ്മുടെ പാലം ഇല്ലേ ? അവിടെ വെച്ച്. വെളുപ്പിനാണ് സംഭവം. അതുകാരണം ആരും കണ്ടൊന്നുമില്ല. അല്ലേൽ പിന്നെ അത് മതി. അവൾ ആണെങ്കിൽ ആദ്യമായി വണ്ടിയോടിച്ചിട്ട് ദുഷിച്ച കാര്യം നടന്നല്ലോ എന്നാ സങ്കടത്തിലാണ്. "
ചൂടുള്ള ചായ റെജിയുടെ കപ്പിലേക്ക് ഒഴിച്ചുകൊണ്ട് അവന്റെ അമ്മ പറഞ്ഞു "ഒരു ചാവാലിപ്പട്ടിയല്ലേ ? അതിനെ കോർപറേഷൻക്കാർ അല്ലെങ്കിലും കൊല്ലും. അവൾക്കൊന്നും പറ്റിയില്ലലോ. അങ്ങനെ സമാധാനിക്ക്."

അവന്റെ മനസ്സിൽ ചിന്തകൾ അലമുറക്കൂട്ടി. അമ്മയും റെജി ചേച്ചിയും കാര്യമായി സംസാരത്തിലാണ്. അവൻ മുറ്റത്തേക്ക് ചെന്നു. ഇല്ല, കേശു എത്തിയിട്ടില്ല. "പാലത്തിന്റെ അവിടെ കാത്തുനിൽക്കുന്നുണ്ടാകും." മനു നടന്നു. പെട്ടെന്ന് മനുവിന്റെ കാലിൽ എന്തോ തടഞ്ഞു. അവൻ നോക്കി. അതൊരു മണിയായിരുന്നു. ചോരപുരണ്ട ചുവന്ന റിബ്ബണിൽ കെട്ടിയ, ചിലങ്കയിലെ  മണി....

Hai finito le parti pubblicate.

⏰ Ultimo aggiornamento: May 17, 2019 ⏰

Aggiungi questa storia alla tua Biblioteca per ricevere una notifica quando verrà pubblicata la prossima parte!

കേശു Dove le storie prendono vita. Scoprilo ora