കേശു

300 26 37
                                    

പതിവിനു വിപരീതമായി അന്ന് അല്‌പം വൈകിയാണ് മനു എഴുന്നേറ്റത്. പനി കാരണം ഒരാഴ്ച്ച ആയി സ്കൂളിൽ പോയിട്ട്. "അമ്മ പോയിക്കാണും"അവൻ എഴുന്നേറ്റു. മനുവിന്റെ മാതാപിതാക്കൾ ബന്ധം വേർപെടുത്തിയിട്ട് വർഷം രണ്ടായി. അന്ന് മുതൽ അവനും അമ്മയുമായി അവന്റെ ലോകം ചുരുങ്ങി. പതിനഞ്ചു വയസ്സിലും പ്രായത്തിൽ കവിഞ്ഞ പക്വത ഉള്ള മനുവിനെ എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടം ആയിരുന്നു.

എന്നാൽ അവന്റെ മനസ്സ് കലുഷിതമായിരുന്നു. ഏകാന്തതയെ ഭയാനകമാം വിധം അവൻ പ്രണയിച്ചു തുടങ്ങിയിരുന്നു.അമ്മ അവനെ സ്നേഹിച്ചിട്ടേയുള്ളു. എന്നാൽ, അവൻ ആഗ്രഹിച്ചിരുന്നത് അച്ഛനും അമ്മയും ഉള്ള കുടുംബമായിരുന്നു. രണ്ടാളുടെയും വാശിക്കും പകപോക്കലിനും ഇടയിൽ, നഷ്ടമായത് മനുവിന്റെ സന്തോഷമായിരുന്നു. മേശപ്പുറത്തു എടുത്തുവെച്ച ഭക്ഷണവും എടുത്തു അവൻ ടിവിയുടെ മുൻപിൽ വന്നിരുന്നു. മനു എന്നും പോകാറുള്ള ഒരു ഇടമുണ്ട്. വീട്ടിൽ നിന്നും കുറച്ചകലെയുള്ള പാലം. പാലത്തിന്റെ ചുവട്ടിൽ നിറയെ വിരിഞ്ഞു നിൽക്കുന്ന താമരകളാണ്. അവിടെ പോയി അവയെ കണ്ടു നിൽക്കുന്നതാണ് മനു എന്നും മറക്കാതെ ചെയ്യുന്ന ഒരേയൊരു കാര്യം. എന്തോ, അവയെ കണ്ടുനിൽക്കുന്നത് വല്ലാത്തൊരു സുഖമാണ്. ഉള്ളിൽ എന്ത് വിഷമം ഉണ്ടെങ്കിലും താമരകളെ കാണുംബ്ബോൾ മനുവിന്റെ മനസ്സൊന്ന് തണുക്കും. അതിന്റെ രഹസ്യം എന്താണെന്നു അവനു പോലും അറിയില്ല. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള നിർവചിക്കാനാവാത്ത ആത്മബന്ധമായി അവനത് ഉള്ളിൽ സൂക്ഷിച്ചു. അന്നും കൃത്യസമയത്തു മനു പാലത്തിൽ ഉണ്ടായിരുന്നു. കുറച്ചു താമരകൾ കൂടി വിരിഞ്ഞ കാര്യം അവന്റെ ശ്രദ്ധയിൽ പെട്ടു . താമരകളെ കാര്യമായി വീക്ഷിക്കുന്നതിന്റെ ഇടയിലാണ് കാലിൽ എന്തോ തൊടുന്നത് പോലെ അവനു തോന്നിയത്. തിരിഞ്ഞു നോക്കിയ മനു ഞെട്ടി. ഒരു തെരുവുനായ !! അത് മനുവിന്റെ കാൽ മണപ്പിക്കുകയായിരുന്നു. അവൻ പെട്ടെന്നുതന്നെ കാൽ വലിച്ചു. മനുവിന്റെ ഉള്ളിൽ ഭീതി കയറി. പത്രത്തിൽ എന്നും തെരുവുനായയുടെ ആക്രമണത്തെ കുറിച്ചുള്ള വാർത്തകൾ കാണാം. അവൻ പതുക്കെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി. ഓടിയാൽ പട്ടി എങ്ങാനും പിന്നാലെ ഓടിയാലോ ? അവൻ തിരിഞ്ഞു നോക്കാതെ വീട്ടിലേക്കു നടന്നു. ഗേറ്റ് എത്തിയപ്പോൾ അവൻ ആശ്വാസത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ, പട്ടി അവന്റെ പിന്നിൽ തന്നെയുണ്ട് !! അവൻ ഒച്ചയുണ്ടാക്കി  പട്ടിയെ ഓടിക്കാൻ നോക്കി. പക്ഷെ, അതവിടം വിട്ടുപോകുന്ന യാതൊരു ലക്ഷണവും ഇല്ല. അവൻ ആ പട്ടിയെ നോക്കി. തെരുവുപട്ടിയുടെ അക്രമാസക്തിയൊന്നും അത് കാണിച്ചിരുന്നില്ല. കണ്ണിൽ നിറഞ്ഞു നിന്നിരുന്നത് ഒരല്പ്പം ദയക്ക് വേണ്ടിയുള്ള യാചനയായിരുന്നു. "വിശന്നു വലഞ്ഞുകാണും പാവം" അവൻ കരുതി.പക്ഷെ, കഴിക്കാൻ കൊടുത്താൽ ഇതുപിന്നെ പോയില്ലെങ്കിലോ ? വരുന്നത് വരട്ടെ എന്ന് കരുതി അവൻ അടുക്കളയിൽ ബാക്കിയുണ്ടായിരുന്ന ഭക്ഷണമെടുത്ത് പട്ടിക്ക് കൊടുത്തു. അത് ആർത്തിയോട് കൂടി മുഴുവൻ കഴിച്ചു തീർത്തു. അരികെ തന്നെ ഉണ്ടായിരുന്ന പാത്രത്തിൽ നിന്നും വെള്ളവും നക്കി കുടിച്ച് പട്ടി മനുവിനെ നോക്കി. നിറഞ്ഞ നന്ദിയായിരുന്നു  അതിന്റെ കണ്ണിൽ  ഇക്കുറി അവനു കാണാൻ കഴിഞ്ഞത്. പട്ടി പോയതിനു ശേഷം അവൻ പാത്രം എടുത്ത് കളയാൻ ഒരുങ്ങി. "ഒരുപക്ഷെ നാളെ വീണ്ടും വന്നാലോ ?കളയേണ്ട, എടുത്തു വെക്കാം" അവൻ കരുതി. മുറ്റത്ത്‌, ചെടിച്ചെട്ടിക്ക് പിന്നിലായി അവനാ പാത്രം വെച്ചു. അന്ന് മുഴുവൻ അവൻ സന്തോഷത്തിലായിരുന്നു. അമ്മ വന്നപ്പോൾ അവനിക്കാര്യം പറയണം എന്നുണ്ടായിരുന്നു. പക്ഷെ, ചീത്തപറയുമെന്ന് കരുതി അവൻ ആ ചിന്ത ഉപേക്ഷിച്ചു. പറഞ്ഞറിയിക്കാൻ കഴിയാത്ത ആത്മസംതൃപ്തി അവനിൽ നിറഞ്ഞു.

You've reached the end of published parts.

⏰ Last updated: May 17, 2019 ⏰

Add this story to your Library to get notified about new parts!

കേശു Where stories live. Discover now