ബാല്യം

By skies_candies

149 20 12

ബാല്യം ഒരു ഓർമക്കുറിപ്പാണ്. എന്റെ, നിങ്ങളുടെ, നാമോരോരുത്തരും കണ്ടു മറന്ന പേരില്ലാത്ത ബാല്യങ്ങളുടെ.. More

ബാല്യം
ഒന്ന് : കോടമഞ്ഞും കനലും

രണ്ട് : മുത്തശ്ശിമാവ്

23 3 2
By skies_candies


"ശ്ശോ... ഈ കുട്ടി ഇതെവിടെ പോയി കെടക്ക്ണു.. മീനാക്ഷി.. എടി മീനൂ..."
രാധ വീടു മുഴുവൻ തിരഞ്ഞ് നടന്ന് മടുത്തു.

"കുട്ടി ആ മാവിൻ ചോട്ടിൽ ഇണ്ടാവും ന്റെ രാധേ.. അങ്ങ്ടാ ചെന്ന് നോക്ക്.."
ഉച്ചയുറക്കം തടസ്സപ്പെട്ട ദേഷ്യത്തിൽ അമ്മമ്മ അലറി.

"കുളിക്കാൻ വെള്ളം ചൂടാക്കാൻ വയ്ക്കണ കണ്ടിട്ട് ഇവളിതെങ്ങടാ പോയത്.. എല്ലാത്തിനും ഓടി നടക്കാൻ ഞാൻ ഒരാളല്ലേ ഉള്ളൂ... ഇന്നെന്റെ കയ്യീന്ന് വാങ്ങും ഈ പെണ്ണ്." പലതും പിറുപിറുത്തു കൊണ്ട് രാധ തൊടിയിലേക്കിറങ്ങി.

മദ്ധ്യാഹ്ന സൂര്യന്റെ കൊടും ചൂട് ഒന്നാറിയപ്പോഴാണ് മീനൂട്ടി തൊടിയിലേക്കിറങ്ങിയത്. ശക്തിയറ്റ സൂര്യകിരണങ്ങൾ വൃക്ഷങ്ങളുടെ ഇലകളിൽ തട്ടിച്ചിതറി താഴേക്ക് പതിക്കുന്നു. ആ കഷണങ്ങൾ ഓരോന്നിനെയും ഭൂമി മെല്ലെ ആലിംഗനം ചെയ്തു.. ആരോടോ യാത്ര പറഞ്ഞിറങ്ങിയ ഒരു മന്ദമാരുതൻ ഇലകളെ തൊട്ടും തഴുകിയും കടന്നു പോയി.. ആ നിമിഷത്തിന്റെ ആലസ്യത്തിന് ഒരു വല്ലാത്ത വശ്യത ഉണ്ട്. ആ ക്ഷണം നിരാകരിക്കാൻ അവൾക്കായില്ല.

വെള്ളം ചൂടാകുന്നതിനു മുമ്പേ മടങ്ങിയെത്തണം.അവൾ തൊടിയിലൂടെ, നേരെ, മാവിൻ ചുവട്ടിലേക്കൊരൊറ്റ ഓട്ടം.. അവളുടെ ശരീരത്തോട് ഒട്ടിച്ചേർന്നിരുന്ന പെറ്റിക്കോട്ട് കാറ്റിൽ പാറിപ്പറന്നു, മുടിയിഴകൾ വായുവിൽ നൃത്തം വെച്ചു.

തൊടിയുടെ ഏറ്റവും അറ്റത്താണ് പടർന്നു പന്തലിച്ചു നിൽക്കുന്ന മുത്തശ്ശിമാവ്. ശാഖകൾ വിരിച്ച് തലയുയർത്തി നിൽക്കുന്ന മാവിന് അമ്മമ്മയോളം പ്രായമുണ്ടാകുമെന്നു കരുതി അവളാണ് മുത്തശ്ശിമാവ് എന്ന് പേരിട്ടത്.അമ്മമ്മയുടെ ചുക്കിച്ചുളിഞ്ഞ നെറ്റി കണക്കെ നിറയെ പാടുകളായിരുന്നു ആ മരത്തിന്.

അവൾ ചെന്ന പാടെ മാവിനു ചുറ്റും ഒന്നു പരതി. കുറച്ചു മാങ്ങകളെ ഞെക്കിയും മണത്തുമെല്ലാം നോക്കിയ ശേഷം ഒരു മാങ്ങയുമെടുത്ത് ഊഞ്ഞാലിനടുത്തേക്ക് നടന്നു. നീണ്ടു നിൽക്കുന്ന ഒരു വലിയ ചില്ലയിൽ അച്ഛനാണ് ഊഞ്ഞാൽ കെട്ടിത്തന്നത്. മീനൂട്ടി ഊഞ്ഞാലിലിരുന്ന് ആടാൻ തുടങ്ങി. മാവിൻചില്ലകൾക്കിടയിലൂടെ അവളുടെ അടുത്തെത്താൻ പാടുപെടുന്ന സൂര്യനെ നോക്കി കൊഞ്ഞനം കുത്തി. കാലുകൾ ആട്ടി കൊലുസിന്റെ കിലുക്കം ആസ്വദിച്ചു. കുഞ്ഞിപ്പൂച്ച അവളെ കണ്ട് ഓടി വരുന്നുണ്ട്. അമ്മയറിയാതെ അവൾ ചോറും പാലുമൊക്കെ കൊടുക്കുന്നതു കൊണ്ട് അതിന് അവളെ വലിയ ഇഷ്ടമാണ്. കുഞ്ഞി മാവിൻചോട്ടിൽ വന്ന് മെല്ലെ ഞരങ്ങി.

എന്തോ ഓർത്തിട്ടെന്ന പോലെ മീനൂട്ടി വേഗം എഴുന്നേറ്റു. മാവിൻചോട്ടിലെ ഒരു കല്ല് പതിയെ നീക്കി. വേരുകൾക്കിടയിൽ ഒരു ചെറിയ പൊത്ത്..! അതാണ് അവളുടെ നിധികുംഭം. വളപ്പൊട്ടുകളും മഞ്ചാടിക്കുരുവും അക്കും എന്നു വേണ്ട, അവൾക്കു വിലപ്പെട്ടതെല്ലാം അവിടെയാണ് സൂക്ഷിച്ചുവയ്ക്കുക. മേലേത്തെ വീട്ടിലെ റോസ ഒരിക്കൽ കളിക്കാൻ വന്നപ്പോൾ താൻ വളപ്പൊട്ടുകൾ ഇട്ടു വച്ചിരുന്ന പെട്ടി എടുത്തു കൊണ്ട് പോയി. അന്നു വഴക്കു കൂടി കരഞ്ഞതിന് അച്ഛന്റെ കയ്യിൽ നിന്ന കിട്ടിയ അടിയുടെ പാട് ഇപ്പോഴും തുടയിൽ ചുമന്നു കിടപ്പുണ്ട്. അന്നു മുതൽ ആരും കാണാതിരിക്കാൻ മീനൂട്ടി ഇവിടെയാണ് ഒളിപ്പിക്കാറ്..

വീടു വിറ്റു പോകുമ്പോൾ അവൾ ഇതെല്ലാം എവിടെ ഒളിപ്പിക്കും.. മീനൂട്ടി ചിന്താമഗ്നയായി.. അവർ നാളെ വീടു മാറുകയാണ്. പുതിയ ഫ്ളാറ്റിൽ നിധികുംഭത്തിനിടമുണ്ടാകുമോ ആവോ.

അവൾ വീണ്ടും കുംഭത്തിനുള്ളിൽ പരതി. കഴിഞ്ഞ വർഷം സീതുച്ചേച്ചി വന്നപ്പോൾ തന്നതാണ് നല്ല ഭംഗിയുള്ള ഈ അക്ക്. തന്റെ അക്കു കാണുമ്പോൾ അയൽ വക്കത്തെ കുട്ട്യോൾക്കെല്ലാം എന്ത് അസൂയയാണെന്നോ. അതും കയ്യിൽ വെച്ച് തൊങ്കിക്കളിക്കുമ്പോൾ ചെറുതല്ലാത്ത അഭിമാനം മീനൂട്ടിക്കും തോന്നാറുണ്ട്.

മുത്തശ്ശിമാവിന്റെ ചോടാണ് അവരുടെ പ്രധാന കളിസ്ഥലം. എല്ലാവരും കൂടി ഊഞ്ഞാലാടാൻ വരുമ്പോൾ ആർ എത്ര നേരം ആടണമെന്നെല്ലാം അവളാണ് തീരുമാനിക്കുന്നത്. കാരണം മുത്തശ്ശിമാവ് തന്റെ വീട്ടിലാണല്ലോ. മാവ് പൂക്കുന്ന കാലമായാൽ അവരെല്ലാം കൂടി മാങ്ങ പെറുക്കാൻ മത്സരമാണ്. ഉപ്പും മുളകും കൂട്ടി കറുമുറു എന്നു മാങ്ങ തിന്നാൻ എന്തു രസമാണ്. പുതിയ വീടിനടുത്ത് കുട്ടികൾ ഉണ്ടാകുമോ ആവോ.. കൂട്ടുകാരെ വിട്ടുപോകുന്നതിൽ മീനൂട്ടിക്ക് നല്ല വിഷമമുണ്ട്. കുട്ടന്റെ വീടിനടുത്തെ തോട്ടിൽ മീൻ പിടിക്കുന്നതും, മാടം കെട്ടുന്നതും, കഞ്ഞീം കുഞ്ഞീം കളിക്കുന്നതും, ഓലപ്പന്തും പീപ്പിയുമുണ്ടാക്കുന്നതും, മണ്ണപ്പം ചുടുന്നതുമെല്ലാം അവളുടെ മനസ്സിലൂടെ കടന്നുപോയി.

എല്ലാറ്റിനേക്കാളും വിഷമം മുത്തശ്ശി മാവിനോട് യാത്ര പറയാനാണ്. ഇത്രയും സ്വാദുള്ള മാങ്ങ വേറെ ഉണ്ടെന്ന് മീനൂട്ടിക്ക് തോന്നണില്ല. ഊഞ്ഞാലാടാൻ ഇത്രയും തണലും വേറെ എങ്ങും ഉണ്ടാവില്ല. അച്ഛൻ തല്ലിയാൽ കരഞ്ഞു കൊണ്ട് ഓടി വന്ന് പരിഭവം പറയാനും ഇനിയാരുണ്ട്.. അമ്മ മുടിയീരാൻ വിളിക്കുമ്പോൾ ഓടി ഒളിക്കാനും, ആരും കാണാതെ ഡാൻസ് കളിക്കാനും ഇനി മുത്തശ്ശിമാവ് ഇല്ല്യാലോ...

"മീനൂ, ഇങ്ങ്ട് വന്നേ നീയ്യ്... വെള്ളം ചൂടായിരിക്ക്ണു." അമ്മ തിരക്കിട്ട് വന്ന് മീനൂട്ടിയെ കൈക്ക് പിടിച്ചു വലിച്ചു. "ഇന്നത്തോടെ കഴിഞ്ഞല്ലോ പെണ്ണിന്റെ കളി.. ഫ്ലാറ്റിൽ ചെന്നാൽ പിന്നെ നിന്റെ പിറകെയുള്ള ഓട്ടമെങ്കിലും കുറയും.. വീട് മാറിക്കഴിഞ്ഞ് ഈ മാവും വെട്ടാന്നാ നിന്റെ അച്ഛൻ പറഞ്ഞേ.. നല്ല തടിയാ. നല്ല കാശും കിട്ടും..."

അമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. മീനൂട്ടി ഒന്നും കേട്ടില്ല.. അവൾ പെറ്റിക്കോട്ടിൽ ഇറുക്കിപ്പിടിച്ചു.. കണ്ണിൽനിന്നും തുള്ളികൾ ധാരധാരയായി ഇറ്റു വീണു. മീനൂട്ടിയുടെ അവസാന അടയാളം പോലെ കാൽച്ചുവട്ടിലെ മണ്ണ് അതിനെ ആലിംഗനം ചെയ്തു.

************************************

സാങ്കേതിക വിദ്യയുടേയും നാഗരികതയുടെയും , പുരോഗതിയുടെയും, കാലത്ത് നഷ്ടമാകപ്പെട്ട ഒരു ബാല്യകാല ചിത്രം.

Sorry for the late update. Got too busy with my job. Will try my best to update asap. Thanks everyone.

************************************

Continue Reading

You'll Also Like

963 60 3
Ethil one short story kalanu njan edunnatu
88 17 1
ഓർക്കാനും മാത്രം നമ്മൾക്കിടയിൽ ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ മറക്കാതിരിക്കാൻ നീ ഒരുപാട് എനിക്കായ് സമ്മാനിച്ചട്ടുണ്ട്.......... അന്ന് നിന്നിൽ തുടങ്ങി...
12.3K 1.6K 22
ഒറ്റപ്പെടലിന്റെ വേദന അറിയുന്നത് നമുക്ക് ചുറ്റും കുടുംബം നിറഞ്ഞു നിന്നിട്ടും ഒറ്റക്കാണ് എന്ന നമ്മുടെ തോന്നലുകൾ അല്ല.. സംരക്ഷണം കൊടുക്കേണ്ട മാതാപിതാക്...
18 2 1
Persons disorder