ബാല്യം

By skies_candies

149 20 12

ബാല്യം ഒരു ഓർമക്കുറിപ്പാണ്. എന്റെ, നിങ്ങളുടെ, നാമോരോരുത്തരും കണ്ടു മറന്ന പേരില്ലാത്ത ബാല്യങ്ങളുടെ.. More

ബാല്യം
രണ്ട് : മുത്തശ്ശിമാവ്

ഒന്ന് : കോടമഞ്ഞും കനലും

68 8 9
By skies_candies

ഉന്തുവണ്ടിക്ക് മുകളിൽ അടുപ്പ് എരിഞ്ഞു കൊണ്ടിരുന്നു. അമ്മ എന്തൊക്കെയോ പാകം ചെയ്യുകയാണ്. തീയുടെ ചൂടേറ്റ് അവൾ ഉറങ്ങി. ശരീരത്തെ കുത്തി തുളക്കുന്ന തണുപ്പിന്റെ കാഠിന്യം അവളെ ഏശിയില്ല.
സഞ്ചാരികളുടെ കുത്തൊഴുക്കുള്ള ദിവസമാണിന്ന്. കോടമഞ്ഞിന്റെ തണുപ്പും തടാകത്തിന്റെ ഭംഗിയും ആസ്വദിച്ചു കൊണ്ട് അവർ ഒരു ഒഴുക്കുവെള്ളത്തിലെന്നപോലെ നീങ്ങുകയാണ്.

ഒരിടത്ത് സൈക്കിൾ വാടകക്കെടുക്കുന്നവരുടെ തിരക്ക്.
തടാകത്തിനു മുകളിൽ അന്തരീക്ഷത്തെ പൊതിഞ്ഞു നിൽക്കുന്ന മഞ്ഞിനെ വകഞ്ഞുമാറ്റി കൊണ്ട് സഞ്ചാരികളെ കയറ്റിയ ഒരു ബോട്ട് പാഞ്ഞു പോയി.
കടകളിൽ നിരത്തിവച്ചിരിക്കുന്ന പൂക്കളുടെ സുഗന്ധം മഞ്ഞിന്റെ പുകമറയിൽ തട്ടിത്തടഞ്ഞ് വഴി കാണാതെ എങ്ങോ കുടുങ്ങിക്കിടന്നു. അമ്മയുടെ തലയിലെ ചുവന്ന പൂവിന്റെ വാടിയ ഗന്ധം മാത്രം എങ്ങനെയോ വഴി കണ്ടെത്തി അവളെ തലോടിക്കൊണ്ടിരുന്നു.
100 രൂപയുടെ ചെരുപ്പിന് വില പേശി പത്തോ ഇരുപതോ കുറയ്ക്കാൻ ശ്രമിക്കുകയാണ് ഒരു കൂട്ടർ. വലിയ കടകളിൽ ചെന്നാൽ ഒന്നും മിണ്ടാതെ ഏതു വിലയുടെ സാധനവും വാങ്ങുന്നവർ. അന്തിക്ക് വിശന്നു കരയുന്ന മക്കളുടെ പള്ള നിറയ്ക്കാൻ കഷ്ടപ്പെടുന്നവരോട് അഞ്ചോ പത്തോ ലാഭമുണ്ടാക്കാൻ വായിട്ടലക്കുകയാണവർ.
കുറേ സ്കൂൾ കുട്ടികൾ വരിവരിയായി നീങ്ങുന്നുണ്ടായിരുന്നു. കോടമഞ്ഞിന്റെ കോച്ചുന്ന തണുപ്പത്തും അവരുടെ അട്ടഹാസങ്ങളും ആർത്തിരമ്പലുകളും കേൾക്കാം.

മഞ്ഞിന് കനം ഏറിക്കൊണ്ടിരുന്നു. മഞ്ഞു തുള്ളികൾ തണുത്ത് വിറച്ച് മുടിത്തുമ്പിന്മേലും കൺപീലിയിന്മേലും കൂനിക്കൂടിയിരിക്കാൻ നോക്കുന്നു. ആരോക്കെയോ വന്ന് അമ്മയുടെ കയ്യിൽ നിന്നും ചായയും പലഹാരങ്ങളും വാങ്ങുന്നുണ്ട്. ഉന്തുവണ്ടിയുടെ മുകളിലത്തെ തട്ടിൽ അടുപ്പ് എരിഞ്ഞു കൊണ്ടേയിരുന്നു. അതിനു താഴെ ഒരു തുണ്ട് തുണിയിൽ മൂടിപ്പുതച്ച് അവൾ സുഖമായി ഉറങ്ങി.

സൈക്കിളുകളുടെ ബെല്ലടി ശബ്ദം അവൾക്കു താരാട്ടായി തോന്നി. ഒരു സൈക്കിൾ മേടിച്ച് അതിൽ ഈ തടാകം മൊത്തം ചുറ്റാൻ അവൾക്കു കൊതിയായി. അവളുടെ സ്വപ്നങ്ങളിൽ സൈക്കിളിന് ചിറകുകൾ വച്ചു. തടാകത്തിനു മുകളിലെ മഞ്ഞിനെക്കാൾ മുകളിൽ ആകാശത്തിനു നേരെ അവൾ ആഞ്ഞുചവിട്ടി. മേഘങ്ങൾക്കു മുകളിൽ അവൾക്ക് നൂറായിരം കൂട്ടുകാരുണ്ടായിരുന്നു. അവർക്കും ചിറകുകളുണ്ടായിരുന്നു. ഒരിക്കലും രുചിച്ചിട്ടില്ലാത്ത പലതരം പലഹാരങ്ങൾ അവർ അവൾക്കായി കരുതി വച്ചിട്ടുണ്ടായിരുന്നു. മേഘങ്ങൾക്കു മുകളിലൂടെ അങ്ങുമിങ്ങും ചാടിച്ചാടി അവർ കളിച്ചു. ചിരിച്ച് ചിരിച്ച് അവളുടെ കവിളുകൾ വേദനിച്ചു, കണ്ണുകൾ കണ്ണാടി പോലെ നിറഞ്ഞൊഴുകി.

അവൾ വീണ്ടും പറക്കാൻ തീരുമാനിച്ചു.അങ്ങനെ പറന്ന് പറന്ന് എങ്ങോട്ടു പോകണമെന്ന് അവൾക്ക് നിശ്ചയമില്ല. ഈ തടാകത്തിനുമപ്പുറം ഒരു ലോകം അവൾക്കറിയില്ല. അവിടത്തെ ഒരിക്കലുമൊഴിയാത്ത കോലാഹലങ്ങൾക്കും ആഘോഷത്തിനും കോച്ചുന്ന തണുപ്പിനും എരിയുന്ന അടുപ്പിനും അമ്മയുടെ പലഹാരങ്ങൾക്കും അപ്പുറമുള്ള ഒരു ലോകം അവളുടെ കുഞ്ഞു മനസിന്റെ ഭാവനകൾക്കതീതമായിരുന്നു.

പറന്നു ക്ഷീണിച്ച് തിരിഞ്ഞു നോക്കിയപ്പോൾ ഉന്തുവണ്ടിക്കു മുകളിൽ അമ്മയിരിപ്പുണ്ടായിരുന്നു. അന്നത്തെ പണപ്പെട്ടി എണ്ണി തിട്ടപ്പെടുത്തി കണ്ണുകളിൽ നനവുമായി കരിനിഴൽ പിടിച്ച ഭാവിയുടെ ഇരുട്ടിലേക്ക് നോക്കി അമ്മ ഇരിക്കുന്നു. അവൾ ഓടി ആ കൈകളിലേക്കു വീണു. തലക്കുമുകളിൽ നിത്യം എരിഞ്ഞു കൊണ്ടിരുന്ന അടുപ്പിന്റെ കനലിനെക്കാൾ ചൂട് അമ്മയുടെ മാറിനുണ്ടായിരുന്നു. ഈ ഉന്തുവണ്ടിക്ക് ഒരു ചിറകു വയ്ക്കണം. എന്നിട്ട് അമ്മയെയും കൊണ്ട് തടാകത്തിനപ്പുറത്തേക്ക് പറക്കണം. ആരവാരങ്ങളില്ലാത്ത, സൂചി കുത്തുന്ന തണുപ്പും കാഴ്ച മൂടുന്ന മഞ്ഞും ഇല്ലാത്ത ഒരിടത്തേക്ക്.

അവളുടെ കുഞ്ഞു കാലിലെ പാദസരങ്ങൾ മെല്ലെയിളകി, കുപ്പിവളകൾ കുലുങ്ങിച്ചിരിച്ചു, ചുണ്ടിൽ തേൻ പൊഴിയുന്ന ചിരിയുമായി കിനാവിന്റെ അദൃശ്യമായ ചൂടുതട്ടി അവൾ തിരിഞ്ഞു കിടന്നു. തടാകത്തിനു ചുറ്റും അപ്പോഴും മഞ്ഞിനെ കീറിമുറിച്ച് കോലാഹലങ്ങൾ തിമിർത്താടി.

Continue Reading

You'll Also Like

36 1 1
thoughts of adolescent age
400 27 7
പ്രണയo മനുഷ്യ മനസ്സുകളിൽ ചെലുത്തുന്ന സ്വാധീനം
1.2K 171 1
എവിടെ നിന്നോ വന്ന് എവിടെയോ പോയി മറഞ്ഞ ആ അജ്ഞാതന് വേണ്ടി...
18 2 1
Persons disorder