ജനലഴികളിലൂടെ....

By Devigauri_Maria

504 29 32

ചെറുകഥകളുടെ ഒരു ചെറിയ ശേഖരം❤️ More

പ്രിയതോഴി

വിശ്വാസി...

230 17 13
By Devigauri_Maria

നല്ലൊരു സഖാവിന്റെ ഏക മകളായി ജനിച്ചിട്ടും തികഞ്ഞ ദൈവവിശ്വാസിയായാണ് അവൾ വളർന്നത്. അവളുടെ വിശ്വാസത്തെ എതിർക്കാൻ ഒരിക്കലും ആ അച്ഛനും ശ്രെമിച്ചതേ ഇല്ലാ..മനുഷ്യൻ ഉണ്ടാക്കുന്ന മണ്ണും കല്ലും കൊണ്ടുള്ള പ്രതിമകളാണ് അമ്പലങ്ങളിലും പള്ളികളിലും ഇരിക്കുന്ന വിഗ്രഹങ്ങളും രൂപങ്ങളും എന്നും വിശക്കുന്ന മനുഷ്യനും ദുരിതമനുഭവിക്കുന്ന ലോകർക്കും സഹായം നല്കുന്നിടത്തു ആണ് ദൈവം എന്നു അച്ഛൻ അവൾക്കു പറഞ്ഞു കൊടുത്തു... അവളതു മനപൂർവം കേട്ടില്ലെന്നു നടിച്ചു അമ്പലങ്ങളിലും പള്ളികളിലും വേർതിരിവില്ലാതെ പോയി കൊണ്ടിരുന്നു. ലോകത്തിന്റെ മുമ്പിൽ ഒരു പെൺകുട്ടി എന്നതു കൊണ്ടു മാറി നിന്നു പോകരുത് എന്നു മാത്രം എന്നും അവളെ ആ അച്ഛൻ ഓർമിപ്പിച്ചു കൊണ്ടേ ഇരുന്നു.... തികഞ്ഞ സ്വതന്ത്രത്തോടെ തന്നെ അവൾ വളർന്നു. ലോകത്തെ ഭയക്കാതെ, മറ്റുള്ളവർ എന്തു ചിന്തിക്കും എന്നു ഓർക്കാതെ സ്വയം ശരി എന്ന് മനസ്സിൽ തോന്നിയത് ചെയ്തു ഒരു ചിപ്പിക്കുള്ളിലെ മുത്തു പോലെ അവൾ വളർന്നു... അച്ഛനും അമ്മയും സുഹൃത്തുക്കളും മാത്രം അടങ്ങിയ ഒരു ചെറിയ ചിപ്പിയിൽ അവൾ സന്തോഷത്തോടെ  ജീവിച്ചു..
                  

                                    അവളുടെ സന്തോഷത്തോടെയുള്ള ജീവിതം കണ്ടു ദൈവത്തിനു പോലും അസൂയ തോന്നിയിരിക്കണം, അതുകൊണ്ടു ദൈവം ഒരു ചെറിയ കുസൃതി കാണിച്ചു. അവളുടെ സന്തോഷത്തെ തല്ലി കെടുത്തിക്കൊണ്ടു ഒരു ചെറിയ പനി അച്ഛന് പിടിച്ചു. ആരും കാര്യമായി എടുത്തില്ല ഒരു പനി എന്നത് വലിയ കാര്യം ഒന്നും അല്ലല്ലോ.. ഗുളിക കഴിച്ചു അതു മാറി.. ഒക്കെ പഴയ പോലെയായി എന്നു വിചാരിച്ചിടത്തു  അവളെ ചിന്തയിലാഴ്ത്തി വീണ്ടും പനി വന്നു.പിന്നെയുള്ള ദിവസങ്ങളിൽ അച്ഛൻ തളരുന്ന കണ്ടു എന്താണ് കാരണം എന്നറിയാതെ അവൾ പകച്ചു നിന്നു.. പെട്ടെന്ന് ഒരു ദിവസം ചിപ്പിക്കുള്ളിൽ നിന്നും പുറത്തിറങ്ങിയ മുത്തു പോലെ എന്തു ചെയ്യണം എന്നറിയാതെ ആദ്യമായി കാണുന്ന ലോകത്തെ നോക്കി അവൾ നിന്നു. അവളെക്കാൾ മനോബലം ഇല്ലാത്ത അമ്മയുടെ മുൻപിൽ അവൾ ഉള്ളിൽ കരഞ്ഞു കൊണ്ട് ധൈരൃവതിയായി  അഭിനയിച്ചു... അന്നാദ്യമായി മുഖംമൂടിയണിഞ്ഞ അവളുടെ ചുറ്റും ഉണ്ടായിരുന്നവരെ അവൾ തിരിച്ചറിഞ്ഞു. കളങ്കമില്ലാത്ത കുറച്ചു മനസുകളെയും അവൾ കണ്ടു. എല്ലാം ശരിയാകുമെന്നുള്ള അവളുടെ പ്രതീക്ഷയെ വീണ്ടും തെറ്റിച്ചു കൊണ്ടു അച്ഛൻ ഒരു ആശുപത്രിയിൽ നിന്നും മറ്റൊന്നിലേക്ക് മാറി. അപ്പോഴേക്കും അതു വരെ ഇല്ലാതിരുന്ന അസാമാന്യ ധൈരൃം അവൾക്കു കൈമുതലായി കിട്ടി. അവസാനം അവളുടെ കണ്മുന്നിൽ വെച്ചു തന്നെ അച്ഛൻ എന്ന സത്യം നിലച്ചു. അലമുറയിട്ടു കരയുന്ന അമ്മയുടെ മുൻപിൽ  കരയാതെ അവൾ പിടിച്ചു നിന്നു. മറ്റാരും കാണാതെ ആശുപത്രിയുടെ മൂലയിൽ നിന്നു അവൾ പൊട്ടിക്കരഞ്ഞു. കൂടെ കയ്യിൽ അമർത്തി പിടിച്ച ഉണ്ണികൊന്ത വലിച്ചു പൊട്ടിച്ചു ദൂരെ എറിഞ്ഞു ദൈവം എന്ന സങ്കല്പത്തോടുള്ള ബന്ധവും എന്നെന്നേക്കുമായി അവസാനിപ്പിച്ചു. അവസാനം ആശുപത്രി അധികൃതർ നീട്ടിയ പേപ്പറിൽ ഒപ്പിടുമ്പോൾ അവളുടെ കൈ അറിയാതെ വിറച്ചു കൊണ്ടിരുന്നു. കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ ആ പേപ്പറിൽ വീണു... കണ്ണുനീർ തുടച്ചു അമ്മയുടെ മുമ്പിൽ വന്നു വീണ്ടും വൃത്തിയായി അഭിനയിച്ചു... ഒരു തവണ പോലും മുഖത്തു വലിച്ചു കെട്ടിയ തുണിയോടെയുള്ള അച്ഛന്റെ മുഖം കാണാതെ ഇരിക്കുവാൻ അവൾ മാത്രം മാറി നിന്നു... ഉറ്റ ബന്ധുക്കൾ ആംബുലൻസിൽ കയറണമെന്ന ബാക്കി ബന്ധുക്കളുടെ വാശിക്കു മുമ്പിൽ അവൾ വേദനയോടെ നിന്നു പിടഞ്ഞു....

ഒക്കെ കഴിഞ്ഞു വീട്ടിൽ ജീവനില്ലാത്ത ആ ശരീരം കൊണ്ടു കിടത്തിയപ്പോൾ അവൾ കണ്ടു കടമ നിർവഹിക്കാൻ വേണ്ടി അഭിനയിച്ചു കരയുന്ന കുറേ മുഖങ്ങൾ... നിമിഷ നേരം കൊണ്ട് വീണ്ടും അവൾക്കു മനസിലായി നാളെ ഒരു ചടങ്ങു നടക്കണമെങ്കിൽ അവൾ തന്നെ മുന്പിട്ടു ഇറങ്ങണമെന്നു.. ആദ്യം ആരു കർമിയെ വിളിക്കുന്നു എന്നു തുടങ്ങി ആരു ആദ്യം ലൈറ്റ് ഇടുന്നതു വരെ മത്സരത്തോടെ ബന്ധുക്കൾ നിന്നു കലഹിക്കുന്നത് അവൾ വേദനയോടെ നോക്കി നിന്നു.പിന്നെ ഒന്നും ആലോചിക്കാതെ കരയുന്ന അമ്മയെ തനിച്ചു നിർത്തി അവൾ തന്നെ ഇറങ്ങി... ഒക്കെ കഴിഞ്ഞു അമ്മയെയും കൂട്ടി ഒന്നു കിടന്നപ്പോൾ കുറേ ദിവസത്തെ അലച്ചിൽ കാരണം അറിയാതെ അവളൊന്നു മയങ്ങി പോയി.. അപ്പോൾ കേട്ടു അച്ഛൻ മരിച്ചു കിടക്കുമ്പോൾ മകൾ കിടന്നു സുഖമായി ഉറങ്ങുന്നു എന്ന കുത്തുവാക്കുകൾ... അതു ഒരു ചെവിയിൽ കൂടെ കയറി മറ്റൊരു ചെവിയിലൂടെ ഇറങ്ങി പോയതല്ലാതെ അവളെ അതൊന്നും ബാധിച്ചില്ല... മറ്റുള്ളവർ എന്തു ചിന്തിക്കുന്നു എന്നു നീ ആലോചിക്കേണ്ട എന്നു ചെറുതിലേ പഠിച്ചത് അവൾ പലകുറി മനസ്സിൽ ഉരുവിട്ടു...

അവസാനം കർമ്മം ചെയ്യാൻ പെൺകുട്ടി എന്ന കാര്യം കൊണ്ടു മാറ്റി നിർത്തിയപ്പോൾ അവൾ ഒന്നും സംസാരിച്ചില്ല... നിശ്ചലമായി കിടക്കുന്ന ആ മുഖത്തേക്ക് അവസാനമായി അവൾ ഒന്നുകൂടെ നോക്കിയപ്പോൾ കണ്ടു അവൾ തന്നെ വഴക്കുണ്ടാക്കി അമ്പലത്തിൽ നിന്നും പൂജിച്ചു  കയ്യിൽ കെട്ടിയ ഒരു കറുത്ത ചരട്. ഈ ചരട് കെട്ടിയാൽ ഒന്നും വരില്ലെന്ന് പറഞ്ഞു അവൾ കെട്ടിയ ആ ചരട് അപ്പോൾ അവളെ നോക്കി കളിയാക്കി ചിരിക്കുന്ന പോലെ അവൾക്കു തോന്നി. അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. രോഗം മാറുവാൻ വെള്ളിയാഴ്ച കത്തിക്കണമെന്നു പറഞ്ഞു നേരത്തെ അമ്പലത്തിൽ നൽകിയ നാരങ്ങാ വിളക്ക് മരണമറിയാതേ നിന്നു കത്തുന്നുണ്ടാവുമെന്നു അവൾ വേദനയോടെ ഓർത്തു....

രണ്ടു ദിവസങ്ങൾ അങ്ങു  കൊടുങ്കാറ്റിന്റെ വേഗതയിൽ കടന്നു പോയി.പെണ്ണിന്റെ വിശുദ്ധിയാണ് ആർത്തവം എന്നു പറഞ്ഞ ആ അച്ഛന്റെ മകളെ ആർത്തവത്തിന്റെ പേരിൽ ഒരു നാലു ചുമരുകൾക്കുള്ളിൽ അടക്കപ്പെട്ടു. അവളെ അശുദ്ധ എന്നു മുദ്ര കുത്തി.ഭക്ഷണം കഴിക്കാൻ ഒരു പാത്രവും വെള്ളം കുടിക്കാൻ ഒരു ഗ്ലാസ്സും നൽകി അവർ അവളെ പുറത്തു നിന്നും അടച്ചു പൂട്ടി..  വിശ്വാസത്തിന്റെ അവസാന കണികയും നഷ്ടപെട്ട അവൾ അടഞ്ഞു കിടന്ന വാതിലിൽ ശക്തിയായി അടിച്ചു കൊണ്ടു കണ്ണീരോടെ പറഞ്ഞു.. "എനിക്ക് ഈ പറഞ്ഞ  ദൈവത്തിൽ വിശ്വാസമില്ല.. മനുഷ്യൻ ഉണ്ടാക്കുന്ന മണ്ണും കല്ലും കൊണ്ടുള്ള പ്രതിമകൾ ആണ് അമ്പലത്തിലും പള്ളികളിലും ഇരിക്കുന്ന വിഗ്രഹങ്ങളും രൂപങ്ങളും.. വിശക്കുന്ന മനുഷ്യനും ദുരിതമനുഭവിക്കുന്ന ലോകർക്കും സഹായം നല്കുന്നിടത്താണ് ദൈവം..." പക്ഷെ അവളുടെ വാക്കുകൾ ആ നാലു ചുമരുകൾക്കുള്ളിൽ തന്നെ കിടന്നു മുഴങ്ങി.....

ശുഭം

Devigauri

Continue Reading

You'll Also Like

105 9 1
...
43 1 1
thoughts of adolescent age
44 7 9
കുഞ്ഞിക്കഥകളുടെ ലോകം ....... 🦋💕 ©protected
656 87 4
vaich nokk....