-1-

283 23 1
                                    

പതിവില്ലാതെ പുലർച്ചെ തന്നെ ബേസിലിന്റെ കോൾ വന്നപ്പോൾ ഉറക്കച്ചവടിലായിരുന്നെങ്കിലും റീമിന്റെ ഹൃദയത്തിലൊരു കൊളുത്ത് വലിവുണ്ടായി.

"എന്താടാ ?"

" പത്ത് മണി ആവുമ്പഴേക്ക് റെഡിയായി നിക്ക് . നമുക്ക് ഒരിടം വരെ പോണം." ബേസിലിന്റെ ശബ്ദത്തിന് ആകെ ഒരു മാറ്റം വന്നത് പോലെ തോന്നി റീമിന് .

" എങ്ങോട്ടേക്കാ?" എന്ന് അവൾ ചോദിച്ചപ്പോഴേക്കും ബേസിൽ ഫോൺ കട്ട് ചെയ്തിരുന്നു.

ബേസിലും റീമും എഞ്ചിനീയറിംഗിന് ഒന്നിച്ച് പഠിച്ചതാണ്. അന്ന് തുടങ്ങിയതാണ് അവരുടെ സൗഹൃദം.

ഉറങ്ങാനുള്ള മൂഡ് പോയത് കൊണ്ടും മനസ്സിന് എന്തോ അസ്വസ്ഥത തോന്നിയത് കൊണ്ടും റീം പിന്നെ കിടന്നില്ല. ആയമ്മ കൊണ്ട് വെച്ച കാപ്പിയെടുത്ത് അവൾ ബാൽക്കണിയിലേക്ക് നടന്നു. മഞ്ഞിൽ പുതഞ്ഞ് നിൽക്കുന്ന റോഡും തേയില തോട്ടങ്ങളും ഉദയസൂര്യന്റെ രശ്മികളും ഉന്മേഷം പകരുന്നതായിരുന്നെങ്കിലും റീമിന് ഒന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല. അവളുടെ ചിന്ത മുഴുവൻ ബേസിൽ തന്നെ കൊണ്ട് പോകുന്നത് എവിക്കോയിരിക്കും എന്നായിരുന്നു.

" കൊച്ചിനെ അമ്മച്ചി വിളിക്കുന്നുണ്ട്. " ആയമ്മ മുറിയിലേക്ക് വന്ന് കൊണ്ട് പറഞ്ഞു. കോഫി കപ്പ് ആയമ്മയുടെ കൈയിൽ കൊടുത്ത് റീം താഴെ ലിവിംഗ് റൂമിലേക്ക് ചെന്നു. അവിടെ അമ്മച്ചിയുടെ കൂടെ അവളുടെ അപ്പയും മമ്മയും ഉണ്ടായിരുന്നു. എന്തെങ്കിലും പ്രധാന കാര്യം ചർച്ച ചെയ്യാനല്ലാതെ അവർ മൂന്ന് പേർ അങ്ങനെ ഒന്നിച്ചിരിക്കുന്നത് അപൂർവമായിരുന്നു.

"വല്ലോര്ടേം കൂടെ കെട്ടിച്ച് വിടാനുള്ള കൊച്ചാ. അവൾടെ കോലമൊന്ന് നോക്കിയേ ജോസഫേ ." റാഹേൽ റീമിനെ അടിമുടി നോക്കിയിട്ട് മകന് നേരെ തിരിഞ്ഞു.

"ഇപ്പഴത്തെ കൊച്ചുങ്ങളല്ലെ, അമ്മച്ചി ." ജോസഫ് തന്റെ മകളുടെ അലക്ഷ്യമായി തോളറ്റം വരെ നിൽക്കുന്ന ചെമ്പിച്ച മുടിയിലേക്കും മുട്ടോളം ഇറക്കമുള്ള അവളേക്കാൾ വലിയ ടീ- ഷേർട്ടിലേക്കും നോക്കി കൊണ്ട് പറഞ്ഞു.

അപ്പയുടേയോ അമ്മച്ചിയുടേയോ വാക്കുകൾ കേൾക്കാത്ത മട്ടിൽ റീം സോഫയിൽ കാലും കയറ്റി വെച്ചിരുന്നു.

" കണ്ടോ പെണ്ണിന്റെ ഇരുത്തം. എന്നതാടീ ആനീ നീ ഇവളെ പെരുമാറ്റം ഒന്നും പഠിപ്പിച്ചില്ലായോ? പെൺകുട്ടികള് നേരെ വളർന്നില്ലേൽ പേര് ദോഷം അമ്മമാർക്കാ ." റീമിനെ നോക്കി കണ്ണിറുക്കി കൊണ്ട് റാഹേൽ പറഞ്ഞു.

റീമിന്റെ ഇരുത്തമോ വസ്ത്രധാരണയോ ഒന്നും റാഹേലിന് ഒരു പ്രശ്നമല്ലായിരുന്നു. എങ്കിലും മരുമകളെ വഴക്ക് പറയാൻ കിട്ടുന്ന ഒരു അവസരവും അവർ പാഴാക്കാറില്ല. അതിന് ഇരകളാവുന്നതാവട്ടെ റീമും അവളുടെ അനിയൻ റോയിയും.

" അമ്മച്ചി എന്നാത്തിനാ വിളിപ്പിച്ചെ?'' അക്ഷമനായി കൊണ്ട് ജോസഫ് ചോദിച്ചു.

"നമ്മടെ ചാക്കോയുടെ മോൻ ആൽബിൻ ഇല്ലെ, അവൻ ഫ്രാൻസീന്ന് വന്നിട്ടൊണ്ട്. കഴിഞ്ഞാഴ്ച അവന്റെ അമ്മ മറിയമിനെ ഞാൻ പള്ളീൽ വെച്ച് കണ്ടാരുന്നു. അവൾ നമ്മടെ റീമിനെ അവൾടെ പയ്യന് വേണ്ടി ആലോചിച്ചു. "

"എനിക്കെങ്ങും വേണ്ട ഇപ്പൊ കല്ല്യാണം" റാഹേൽ മുഴുമിപ്പിക്കുന്നതിന് മുമ്പേ സോഫയിൽ നിന്ന് ചാടി എഴുന്നേറ്റ് കൊണ്ട് റീം പറഞ്ഞു.

" അതിന് നിന്നോട് ഇപ്പൊ ആരാ കല്യാണം കഴിക്കാൻ പറഞ്ഞെ? ആ പയ്യനെ ഒന്ന് കാണുന്നതിൽ എന്താ തെറ്റ്?"

"പറ്റത്തില്ല." റീം തീർത്ത് പറഞ്ഞു.
'
" റീം, അമ്മച്ചി അവനെ ഒന്ന് കാണാനല്ലെ പറഞ്ഞൊള്ളു. " ആനി റാഹേലിന് സപ്പോർട്ടുമായി വന്നു.

" പറ്റത്തില്ലാന്ന് പറഞ്ഞില്ലെ''

" നിന്റെ മനസിൽ ആരെങ്കിലും ഉണ്ടോ?" ജോസഫാണ് അത് ചോദിച്ചത്. റീം രക്ഷക്ക് വേണ്ടി റാഹേലിനെ നോക്കി. അവൾക്ക് അറിയാം എന്തിനാണ് അമ്മച്ചി മനപൂർവ്വം ഇന്ന് കല്ല്യാണ വിഷയം എടുത്തിട്ടതെന്ന് .

" ഉണ്ടേൽ പറ മോളേ.'' റാഹേൽ റീമിനെ പ്രോത്സാഹിപ്പിച്ച് കൊണ്ട് പറഞ്ഞു.

"ബേസിലാന്നോ ?" ആനി റീമിന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ ചോദിച്ചു.

"ഹേയ്, ആ പയ്യൻ ഇവളെ പെങ്ങളെ പോലെയല്ലെ കാണുന്നെ. ഇത് വേറെ വല്ല പയ്യന്മാരും ആവും.'' റാഹേൽ ഒന്നും അറിയാത്ത മട്ടിൽ പറഞ്ഞു.

" അമ്മച്ചിക്ക് അറിയാവോ? ജോസഫിന്റെതായിരുന്നു അടുത്ത ചോദ്യം.

"എനിക്കെങ്ങും അറിയത്തില്ല. ആരാന്ന് വെച്ചാൽ അങ്ങ് പറഞ്ഞ് കൊടുക്ക് കൊച്ചെ."

കുറച്ച് നേരത്തെ മൗനത്തിന് ശേഷം റീം ആ പേര് പറഞ്ഞു, ജോസഫിനേയും ആനിയേയും ഞെട്ടിച്ച് കൊണ്ട്.

"ജോയൽ "

•••••••

ലില്ലിപ്പൂക്കൾ ✔Where stories live. Discover now