ദുന്ദുഭി

Start from the beginning
                                    

'ബാലീ, ഇതു ദുന്ദുഭിയാണ്. ഞാന്‍ നിന്നോടു യുദ്ധം ചെയ്യാനാണ് വന്നിരിക്കുന്നത്. വേഗം ഇറങ്ങിവരൂ!

ദുന്ദുഭിയുടെ ശബ്ദംകേട്ട് ഉറക്കമുണര്‍ന്ന ബാലി കഥ എന്തെന്നറിയാതെ കുഴങ്ങി. അവന്‍ കണ്ണുംതിരുമ്മി എഴുന്നേറ്റു ചെന്നപ്പോള്‍ ദുന്ദുഭി പറഞ്ഞു: 'യുദ്ധം ചെയ്യാഞ്ഞിട്ട് എന്റെ കൈകള്‍ തരിക്കുന്നു. വരൂ, നമുക്കൊന്ന് ഏറ്റുമുട്ടാം.

ബാലി ഒരു വാനരനാണെങ്കിലും സാധാരണ കുരങ്ങനല്ല; പര്‍വതങ്ങള്‍ അപ്പാടെ കൈകളിലെടുത്ത് അമ്മാനമാടാന്‍ കഴിവുള്ളവനാണ്. അങ്ങനെയുള്ള ബാലിയോടാണ് ദുന്ദുഭി പോരിനു ചെന്നിരിക്കുന്നത്.

അഹങ്കാരിയും അധികപ്രസംഗിയുമായ ദുന്ദുഭിയോട് എന്തുചെയ്യണമെന്ന് ബാലി ആലോചിച്ചുനില്‍ക്കുമ്പോള്‍ ദുന്ദുഭി തന്റെ വെല്ലുവിളി ആവര്‍ത്തിച്ചു. ബാലി പിന്നെ ഒന്നും ആലോചിച്ചില്ല. അവന്‍ ദുന്ദുഭിയുടെ ചെള്ളയ്ക്കുതന്നെ കൊടുത്തു ഉഗ്രന്‍ ഒരടി!

ബാലിയുടെ അടി ദുന്ദുഭിക്ക് വല്ലാതെ കൊണ്ടു. കലികയറിയ ദുന്ദുഭി ബാലിക്കു തിരികെ കൊടുത്തു അത്യുഗ്രന്‍ ഒരടി. പിന്നെ അവര്‍തമ്മില്‍ ഉഗ്രയുദ്ധമായിരുന്നു. അഹങ്കാരിയായ ദുന്ദുഭിയെ ഒരു പാഠം പഠിപ്പിക്കാന്‍വേണ്ടി ബാലി അയാളെ എടുത്ത് ഒരു ഏറുവച്ചുകൊടുത്തു. ദുന്ദുഭി ചെന്നുവീണതാകട്ടെ അങ്ങകലെയുള്ള ഋഷ്യമൂകപര്‍വതത്തിന്റെ മുകളിലും! അതോടെ ദുന്ദുഭിയുടെ കഥകഴിഞ്ഞു.

രാമായണത്തിലുള്ള ഈ കഥ കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും ഊറിച്ചിരിച്ചേക്കാം. കാരണം, ചുരുക്കമായിട്ടെങ്കിലും ദുന്ദുഭിയുടെ സ്വഭാവമുള്ള ചിലരെ നാം ജീവിതത്തില്‍ കണ്ടുമുട്ടാറുണ്ടല്ലോ.

അടങ്ങിയൊതുങ്ങിയിരിക്കാത്ത സ്വഭാവമായിരുന്നു ദുന്ദുഭിയുടേത്. ആരോടെങ്കിലും ഉടക്കാതെയോ ആരെയെങ്കിലും പോരിനു ക്ഷണിക്കാതെയോയിരിക്കാന്‍ ദുന്ദുഭിക്ക് കഴിയുമായിരുന്നില്ല. ഓടിനടന്ന് എല്ലാവരോടും യുദ്ധം ചെയ്യാനായിരുന്നു മോഹം. അങ്ങനെയാണ് അവസാനം അയാള്‍ ബാലിയോട് ഏറ്റുമുട്ടാനൊരുങ്ങിയത്.

ദുന്ദുഭിയുടെ കഥ വെറുമൊരു അസുരനെക്കുറിച്ചുള്ള കഥയല്ല. ഈ കഥ നമ്മെക്കുറിച്ചുള്ള കഥകൂടിയാണ്. നമ്മുടെ അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും യുദ്ധക്കൊതിയുടെയുമൊക്കെ കഥ.

ഒരുപക്ഷേ, നാമാരും ദുന്ദുഭിയെപ്പോലെ ഓടിനടന്നു വാക്കേറ്റത്തിനും കൈയേറ്റത്തിനുമൊന്നും പോകുന്നില്ലായിരിക്കാം. എന്നിരുന്നാലും ജീവിതത്തിലെ വിവിധ രംഗങ്ങളില്‍ ഏതെല്ലാം തരത്തിലുള്ള അനാവശ്യ മത്സരങ്ങള്‍ക്ക് നാം പലപ്പോഴും മുതിരാറുണ്ട്! നാം മറ്റുള്ളവരെക്കാള്‍ കേമന്മാരാണെന്നു സ്ഥാപിക്കാന്‍ എന്തെല്ലാം വഴികള്‍ നോക്കാറുണ്ട്! പക്ഷേ, ഈ മത്സരങ്ങള്‍കൊണ്ടു നാം എന്തെങ്കിലും നേടാറുണേ്ടാ?. ഒരുപക്ഷേ, ഈ മത്സരത്തിന്റെ ഫലമായി നാമും ദുന്ദുഭിയെപ്പോലെ അമ്പേ പരാജയപ്പെട്ടു പോകാറില്ലേ?

ജീവിതത്തിലെ എല്ലാ രംഗങ്ങളിലും ആരോഗ്യപരമായ മത്സരം നല്ലതുതന്നെ. എന്നാല്‍, മത്സരം അഹങ്കാരവും പൊങ്ങച്ചവും ധിക്കാരവുമൊക്കെയായി അധഃപതിക്കുമ്പോള്‍ അതു നമ്മുടെ ജീവിതത്തിന്റെ കാന്തി കെടുത്തുന്നു. എന്നുമാത്രമല്ല, അതു നമ്മുടെ ജീവിതംതന്നെ തകര്‍ക്കുകയും ചെയ്യുന്നു.

ദുന്ദുഭിയുടെ സ്വഭാവപ്രത്യേകത നമ്മിലേക്കു കടന്നുവരാതിരിക്കാന്‍ നമുക്കു ശ്രദ്ധിക്കാം. അതുപോലെ, ദുന്ദുഭിയുടെ സ്വഭാവം നമ്മില്‍ വളരാന്‍ ഇടയായിട്ടുണെ്ടങ്കില്‍ അതു ദൂരെ വലിച്ചെറിയാനും നമുക്കു ശക്തി സംഭരിക്കാം.'''

You've reached the end of published parts.

⏰ Last updated: Sep 12, 2022 ⏰

Add this story to your Library to get notified about new parts!

പ്രചോദനകഥകൾWhere stories live. Discover now